ഫെഫ്കയിലും പൊട്ടിത്തെറി, 'തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി': ബി ഉണ്ണികൃഷ്ണനെതിരെ ആഷിഖ് അബു
കൊച്ചി: താര സംഘടനയായ അമ്മയ്ക്ക് പിന്നാലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. ബി ഉണ്ണികൃഷ്ണനെതിരെ വിമർശനവുമായി ആഷിക് അബു. ബി ഉണ്ണികൃഷ്‌ന്റേത് വ്യാജ ഇടത് പരിവേഷമാണെന്നും യൂണിയന്റെ വാർത്തക്കുറിപ്പ് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഫെഫ്ക എന്നാൽ ബി ഉണ്ണികൃഷ്ണനാണെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവർത്തനങ്ങൾ ചുക്കാൻ പിടിച്ചെന്നും സമൂഹത്തെ അഭിമുഖീകരിക്കാൻ നട്ടെല്ലുണ്ടെങ്കിൽ പൊതുമധ്യത്തിൽ പ്രതികരിക്കട്ടെയെന്നും ആഷിഖ് പറഞ്ഞു.

ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നും ആഷിഖ് അബു പറഞ്ഞു. സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഉണ്ണികൃഷ്ണനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിനയനും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് വിനയൻ കത്തയച്ചു.
അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീകോടതി ശരി വെയ്ക്കകയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത് വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ആളാണ് ബി ഉണ്ണികൃഷ്ണനെന്നും വിനയൻ പറയുന്നു. ഈ സാഹചര്യത്തിൽ ഷാജി എൻ കരുണൻ അധ്യക്ഷനായിട്ടുള്ള സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽ അംഗമായി തിരഞ്ഞെടുത്ത ബി ഉണ്ണികൃഷ്ണനെ മാറ്റണം എന്നാണ് വിനയൻ കത്തിൽ പറയുന്നത്.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ പരമാർശമുള്ള എല്ലാവരുടെയും പേര് പുറത്ത് വരണമെന്നാണ് ഫെഫ്ക പറഞ്ഞത്.
സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റ് ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും അതിജീവിതമാരെ സഹായിക്കുമെന്നും അതിജീവിതകൾക്ക് സഹായം നൽകാൻ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും പറഞ്ഞു.
ഭയാശങ്കകളെ അകറ്റാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും എന്നും കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു. ' അമ്മ ' എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരണപ്പെടുന്നതിന്റെ തുടക്കം ആകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.












Click it and Unblock the Notifications