ധീര സൈനികന് നാടിന്റെ ആദരം; അശോക ചക്ര ജേതാവ് കേണല്‍ ജോജന്‍ തോമസിനെ അനുസ്മരിച്ചു
കൊച്ചി: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച കേണല്‍ ജോജന്‍ തോമസിനെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 60-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ 'സ്മൃതി' എന്ന പേരിലാണ് അനുസ്മരണ ചടങ്ങ് നടത്തിയത്. ചടങ്ങില്‍ ധീര സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭാര്യ ബീന തോമസ്, അടുത്ത കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹ ഉദ്യോഗസ്ഥര്‍, ആരാധകര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2008 ഓഗസ്റ്റ് 22-ന് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചല്‍ സെക്ടറില്‍ വനമേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ ജോജന്‍ വീരമൃത്യു വരിച്ചത്. ആ ഓപ്പറേഷനില്‍ അദ്ദേഹം മൂന്ന് തീവ്രവാദികളെ ഒറ്റയ്ക്ക് വധിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

മരണാനന്തരം ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം കേണല്‍ ജോജന്‍ തോമസിനെ ആദരിച്ചു. അന്ന് അദ്ദേഹം 45 രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു.
തിരുവല്ലയിലെ കുറ്റൂര്‍ സ്വദേശിയാണ് കേണല്‍ ജോജന്‍. 1986 മാര്‍ച്ചില്‍ ഇന്ത്യന്‍ ആര്‍മിയുടെ ജാട്ട് റെജിമെന്റില്‍ (11 ജെഎടി) നിയമിച്ചു. കേണല്‍ ജോജന്റെ ധീരതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ജീവിതത്തെക്കുറിച്ച് ചടങ്ങില്‍ അനുസ്മരിച്ചു. വൈകാരികമായ ഓര്‍മ്മകള്‍, കവിത, സംഗീതം എന്നിവ പങ്കുവെച്ച് ധീരതയോടെ ജീവിച്ച് മരിച്ച ഒരു മനുഷ്യന് നല്‍കാവുന്ന ഏറ്റവും നല്ല ആദരവായി ചടങ്ങ്. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ചടങ്ങ് നിശബ്ദമായി.
കേണല്‍ ജോജന്റെ അമ്മ, ഭാര്യ, കുട്ടികള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം മുന്‍ സൈനിക കമാന്‍ഡര്‍മാര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശക്തമായ വ്യക്തിത്വവും മൂര്‍ച്ചയുള്ള മനസിന് ഉടമയും ആയിരുന്നു കേണല്‍ ജോജനെന്ന് സഹപ്രവര്‍ത്തകനായ ലെഫ്റ്റനന്റ് ജനറല്‍ ബിഎസ് രാജു (റിട്ട.) അനുസ്മരിച്ചു. 'കേണല്‍ ജോജനും ഞാനും ഒരേ ബറ്റാലിയനില്‍ നിന്നുള്ളവരാണ്. 1986-ല്‍ ഞങ്ങള്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ ഒരുമിച്ച് സേവനമനുഷ്ഠിച്ചു. ഞങ്ങള്‍ ഒരുമിച്ച് പര്‍വതം കീഴടക്കി. ആ സമയത്തെക്കുറിച്ച് എനിക്ക് ഒരുപാട് മനോഹരമായ ഓര്‍മ്മകളുണ്ട് - അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ധീരനായ സൈനികന് അനുയോജ്യമായ സ്മാരകം നിര്‍മ്മിക്കാനുള്ള അടിയന്തര ക്രമീകരണങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള സംസ്ഥാന സൈനിക വെല്‍ഫെയര്‍ ബോര്‍ഡിലെ മേജര്‍ ഷിജു ഷെരീഫ് അറിയിച്ചു. ലഖ്നൗവിനും പട്നയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന് അദ്ദേഹത്തിന്റെ പേര് നല്‍കി ഇന്ത്യന്‍ റെയില്‍വേയും ധീരനായ സൈനികനെ ആദരിച്ചു.












Click it and Unblock the Notifications