കൊവിഡ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികള്‍ക്ക് എന്തിന് ക്വാറന്റീന്‍; ചോദ്യവുമായി അഷ്‌റഫ് താരമശേരി
ദുബായ് : കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ അടക്കമുള്ള എല്ലാ വിദേശ യാത്രക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി രംഗത്ത്. പി സി ആര്‍ പരിശോധനയും വിമാനത്താവളത്തില പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികള്‍ എന്തിന് ക്വാറന്റൈനില്‍ കഴിയണമെന്ന് അഷ്‌റഫ് താരശേരി ചോദിക്കുന്നു

സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും, ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണമെന്ന് അഷ്‌റഫ് താരമശേരി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ഇവിടെ നിന്ന് പി.സി.ആര്‍ പരിശോധനയും വിമാനത്താവളത്തില പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികള്‍ എന്തിന് ക്വാറന്റൈനില്‍ കഴിയണം.

സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും, ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗദ്ധരും വ്യക്തമാക്കണം.

ഇന്ന് എടപ്പാള്‍ പാലത്തിന്റെ ഉദ്ഘാടന ആഘോഷവേളയില്‍ യാതൊരു സാമൃഹിക അകലവും പാലിക്കാതെ പതിനായിരങ്ങളാണ് പങ്കെടുത്തത് ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേ എന്നാണ് നമ്മുടെ ചോദ്യം. കോവിഡ് തുടങ്ങിയ കാലം മുതല്‍ നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആദ്യം പിടലിക്ക് പിടിക്കുന്നത് പാവം പ്രവാസികളാണ്.

സര്‍ക്കാരിന്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. എന്നത് പോലെയാണ് പ്രവാസികളുടെ അവസ്ഥ. പ്രവാസികള്‍ക്ക് പ്രവാസികള്‍ മാത്രം- അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, എല്ലാ ആന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പ്രവാസികള്‍ക്ക് ഈ തീരുമാനം ഏറെ ബുദ്ധിമുട്ടിലാക്കുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു.

പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അബദ്ധജനകമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. യുകെ പോലുള്ള രാജ്യങ്ങള്‍ ഒമിക്രോണിന്റെ പ്രാരംഭഘട്ടത്തില്‍ നടപ്പിലാക്കുകയും പിന്നെ ഒമിക്രോണ്‍ അപകടകാരിയല്ലെന്ന് മനസിലാക്കി ഇക്കഴിഞ്ഞ ദിവസം പിന്‍വലിയ്ക്കുകയും ചെയ്ത ക്വാറന്റൈന്‍ സംവിധാനം അതുപോലെ നടപ്പിലാക്കുകയാണ് നമ്മുടെ സര്‍ക്കാരുകള്‍.

ഇന്ന് പ്രതിദിനം രണ്ടരലക്ഷം കേസുകള്‍ ഉണ്ടായിരുന്നിട്ടും യുകെയില്‍ ക്വാറന്റൈന്‍ ഇല്ലെന്ന് കൂടി നമ്മള്‍ മനസിലാക്കണം. എന്നാല്‍ മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും അതുപോലെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍. നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്ന് പിടിയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നതിനെ വിവേചനമെന്നല്ലാതെ മറ്റെന്ത് വിളിയ്ക്കാന്‍. എന്നാല്‍ ഇത്രയധികം ഒമിക്രോണ്‍ കേസുകളുള്ള ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുന്ന ഒരാള്‍ക്കും ക്വാറന്റൈന്‍ ഇല്ലെന്നും നമ്മള്‍ മനസിലാക്കണമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications