അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരൻ,13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു
കണ്ണൂർ: ആർ എസ് എസ് കണ്ണൂർ ജില്ലാ ബൗധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ അശ്വിനി കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ മാത്രം കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റ് 13 പ്രതികളെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി.
കേസിലെ മൂന്നാം പ്രതി ചാവശേരി സ്വദേശി എംവി മർഷൂക്ക് ആണ് കുറ്റക്കാരൻ. ഇയാൾക്കുള്ള ശിക്ഷ നവംബർ 14 ന് കോടതി പ്രസ്താവിക്കും. അതേസമയം 13 പേരെ വെറുതെ വിട്ട വിധിക്കെതിരെ മേൽക്കോടതിയെ സമിപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

2005 ലായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നാട് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇരിട്ടി പയഞ്ചേരിമുക്കിൽ വച്ചാണ് കൊലപാതകം നടന്നത്. ഇരട്ടിയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ജീപ്പിൽ പിന്തുടർന്ന് എത്തിയായിരുന്നു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം പരത്തിയ ശേഷമായിരുന്നു കൊലപാതകം.
എൻ ഡി എഫ് പ്രവർത്തകരായ പുതിയവീട്ടിൽ അസീസ് (42), പുഞ്ചറക്കൽവീട്ടിൽ അമീൻ (40), എം വി മർഷൂക്ക് (38), പി എം സിറാജ് (42), സി പി ഉമ്മർ (40), എം കെ യൂനുസ് (43), ആർ കെ അലി (45), പി കെ സമീർ (38), കൊവ്വൽ നൗഫൽ (39), തന്നലോട്ട് യാക്കൂബ് (41), സിഎം വീട്ടിൽ മുസ്തഫ (48), വയപ്രത്ത് ബഷീർ എന്ന കരാട്ടെ ബഷീർ (46), ഇരിക്കൂർ സ്വദേശികളും സഹോദരങ്ങളുമായ മുംതാസ് വീട്ടിൽ കെ ഷമ്മാസ് (35), കെ ഷാനവാസ് (35) എന്നിവരെ പ്രതികളാക്കി 2009-ലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ലായിരുന്നു കേസിൽ വിചാരണ തുടങ്ങിയത്.
അശ്വിനി വധക്കേസ്: സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചെന്ന് കെസുരേന്ദ്രൻ
ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിടാൻ കാരണം സംസ്ഥാന സർക്കാർ പോപ്പുലർഫ്രണ്ടുമായി ഒത്തുകളിച്ചതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതാണ് പട്ടാപകൽ നടന്ന ഭീകരമായ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിടാൻ കാരണം. സർക്കാർ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം എന്നും സുരേന്ദ്രൻ വിമർശിച്ചു.












Click it and Unblock the Notifications