സാറിനെ അന്വേഷിച്ച വനിതാ പോലീസ് കണ്ടത് മൃതദേഹം! കോഴിക്കോട് പോലീസ് സ്റ്റേഷനുള്ളിൽ എഎസ്ഐ തൂങ്ങിമരിച്ചു
കോഴിക്കോട് ടൗൺ സ്റ്റേഷനിൽ നിന്ന് രാമകൃഷ്ണന് അടുത്തിടെയാണ് ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
കോഴിക്കോട്: എഎസ്ഐയെ പോലീസ് സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുന്ദമംഗലം പെരിങ്ങോളം പൊറ്റമ്മൽ പാലക്കോട്ട് ശ്രീലക്ഷ്മിയിൽ രാമകൃഷ്ണനെ(49)യാണ് സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജനറൽ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന രാമകൃഷ്ണനെ ശനിയാഴ്ച രാത്രി എട്ടര മണിയോടെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിക്കാണ് രാമകൃഷ്ണൻ സ്റ്റേഷനിലെത്തി ജനറൽ ഡ്യൂട്ടി ഏറ്റെടുത്തത്.
അൽപ്പസമയത്തിന് ശേഷം രാമകൃഷ്ണനെ കാണാത്തതിനെ തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനിൽ പരിശോധന നടത്തിയപ്പോളാണ് പഴയ സ്റ്റേഷൻ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രാമകൃഷ്ണൻ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോഴിക്കോട് ടൗൺ സ്റ്റേഷനിൽ നിന്ന് രാമകൃഷ്ണന് അടുത്തിടെയാണ് ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. കുന്ദമംഗലം പെരിങ്ങോളം പൊറ്റമ്മൽ രാമുണ്ണിനായരുടെയും പരേതയായ പത്മാവതിയമ്മയുടെയും മകനായ രാമകൃഷ്ണൻ, കോഴിക്കോട് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഡ്രിൽ ഇൻസ്ട്രക്ടറായിരുന്നു.
ശ്രീജയാണ് രാമകൃഷ്ണന്റെ ഭാര്യ. ചെത്തുകടവ് ശ്രീനാരായണ കോളേജിലെ ബിബിഎ വിദ്യാർത്ഥി ജിത്തു, പെരിങ്ങോളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വൈഷ്ണവ് എന്നിവർ മക്കളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications