സഹിൻ ആന്റണിയുടെ കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശം, മാപ്പ് പറഞ്ഞ് വിനു വി ജോൺ
കൊച്ചി: 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കും കുടുംബത്തിനും എതിരെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന അധിക്ഷേപ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍. കഴിഞ്ഞ ദിവസത്തെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു ആണ് സഹിന്‍ ആന്റണിക്കും കുടുംബത്തിനും നേര്‍ക്ക് അധിക്ഷേപ പരാമര്‍ശം നടത്തിയത്. അത്തരമൊരു പരാമര്‍ശം ചര്‍ച്ചയില്‍ ഉണ്ടായത് ഖേദകരമാണെന്നും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിനു വി ജോണ്‍ പറഞ്ഞു.
ഇന്ന് ന്യൂസ് അവര്‍ ആരംഭിക്കുന്നതിന് മുന്‍പാണ് വിനു വി ജോണ്‍ ഇന്നലത്തെ ന്യൂസ് അവറിനിടെയുണ്ടായ സംഭവത്തില്‍ ഖേദപ്രകടനം നടത്തിയത്. വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെട്ട് ഒരു അതിഥി നടത്തിയ പരാമര്‍ശങ്ങള്‍ ഏഷ്യാനറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായമോ അല്ല. ആ പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ അവതാരകന്‍ എന്ന നിലയില്‍ അങ്ങനെ പറയരുതെന്ന് ഞാന്‍ തിരുത്തുകയും ചെയ്തിരുന്നു. എങ്കിലും ന്യൂസ് അവറില്‍ ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു''.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം 24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി ഒരു കേക്ക് മുറിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇത് സഹിന്‍ ആന്റണിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു എന്നാണ് പ്രചാരണം നടന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സഹിന്‍ ആന്റണിയുടെ കുടുംബത്തിന് എതിരെ റോയ് മാത്യു ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഏഷ്യാനെറ്റ് ന്യൂസിനും റോയ് മാത്യുവിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
പിന്നാലെ പിതൃത്വ പരാമര്‍ശത്തില്‍ റോയ് മാത്യു ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തി.
റോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 'ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെ സഹിൻ ആന്റണിയുടെ പ്രവൃത്തിയെക്കുറിച്ച് പറയുമ്പോൾ ഞാൻ നടത്തിയ പിതൃത്വ പരാമർശം നാവു പിഴയായിരുന്നു. അവതാരകൻ അത് അപ്പോൾത്തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയി. ആ പരാമർശത്തിൽ അതീവ ദുഖമുണ്ട്. ക്ഷമിക്കണം. പ്രേക്ഷകരോടു മാപ്പ് ചോദിക്കുന്നു''.












Click it and Unblock the Notifications