റഹീമിനെ പരിഹസിച്ച് ലുട്ടാപ്പിക്കഥ പങ്കുവെച്ച് വിനു വി ജോണ്‍; ആഹാ എന്തൊരു അന്തസെന്ന് സോഷ്യല്‍ മീഡിയ
കോഴിക്കോട്: സി പി ഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ എ റഹീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു. ബാലരമയിലെ മായാവി എന്ന ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ കഥയുള്ള താളുകളാണ് വിനു വി ജോണ്‍ പങ്കുവെച്ചത്. ബാലരമ പുതിയ ലക്കം വായിച്ചു എന്ന അടിക്കുറിപ്പോടെയാണ് വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
റഹീമിനെ സൈബര്‍ ഇടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ലുട്ടാപ്പി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് മാധ്യമപ്രവര്‍ത്തകനായ വിനു പങ്കുവെച്ച ട്വീറ്റിന് താഴെ അനുകൂലിച്ചും വിയോജിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്നാണ് ഒരാള്‍ എഴുതിയ കമന്റ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ അണികള്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ഇതു എഴുതി കഴിഞ്ഞു വിനു ചേട്ടന്റെ വക ചാനലിലിരുന്നു ആങ്കര്‍ അനുഭവിക്കുന്ന സൈബര്‍ അറ്റാക്കിനു എതിരെ ഒരു പ്രഭാഷണം കൂടി ആകുമ്പോള്‍ ആഹാ അന്തസ് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിലും നല്ല നാലക്ഷരം വായിക്ക്. അത്രയും നേരത്തേക്കെങ്കിലും ദുഷിപ്പു പറയാതിരിക്കുമല്ലോ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ മന്ത്രി, മറ്റൊരാള്‍ എംപി. അതുകൊണ്ടുള്ള നിരാശയില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നതെന്നാണ് മറ്റൊരാള്‍ പറയുന്നത്.

അതേസമയം വിനുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് എ എ റഹീം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിടുന്നത് രാജ്യസഭാ സീറ്റിന് വേണ്ടിയായിരുന്നുവല്ലേ എന്നാണ് വിനുവിനെ അനുകൂലിച്ച് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് റഹീമിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി പി ഐ എം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്‍ ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ റഹീം രാജ്യസഭയിലെത്തുമെന്ന് ഉറപ്പാണ്. നിലവില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ എ റഹീം.

സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായതോടെയാണ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് റഹീം. നല്ല പ്രാസംഗികനും സംവാദകനുമായ റഹീം ചാനല്‍ ചര്‍ച്ചകളിലെ സി പി ഐ എം മുഖവുമാണ്. കേരളത്തില്‍ മൂന്ന് സീറ്റാണ് രാജ്യസഭയിലേക്ക് ഒഴിവ് വന്നിട്ടുള്ളത്. ഇതില്‍ രണ്ട് സീറ്റില്‍ എല്‍ ഡി എഫും ഒരു സീറ്റില്‍ യു ഡി എഫുമാണ് മത്സരിക്കുന്നത്. എല്‍ ഡി എഫില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ സി പി ഐ എമ്മിനെ കൂടാതെ സി പി ഐ ആണ് മത്സരിക്കുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറാണ് സി പി ഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകുന്നത്. എല്‍ ജെ ഡി നേതാവ് വീരേന്ദ്രകുമാര്‍ എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ നല്‍കിയ സീറ്റാണ് സി പി ഐയ്ക്ക് നല്‍കിയത്. വീരേന്ദ്ര കുമാര്‍ അന്തരിച്ചപ്പോള്‍ മകനായ ശ്രേയാംസ് കുമാറിന് സീറ്റ് കൈമാറുകയായിരുന്നു.












Click it and Unblock the Notifications