'മോനേ തിരിച്ച് വിളിക്ക്' രമേശ് നാരായണനുമായി സംസാരിച്ചെന്ന് ആസിഫ് അലി; ശബ്ദം ഇടറുന്നുണ്ടായിരുന്നു
തിരുവനന്തപുരം: രമേഷ് നാരായണന്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. തന്നോട് കാണിക്കുന്ന സ്നേഹം സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുത്. ഇത് വലിയ സംസാര വിഷയമായി മാറണമെന്നൊക്കെ ആഗ്രഹമുള്ള വ്യക്തിയല്ല ഞാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും വിമർശനങ്ങളും ഞാന്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഞാന്‍ ഇങ്ങനെയൊരു പ്രതികരണം നടത്തുന്നതെന്നും ആസിഫ് അലി പറഞ്ഞു.
അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാന്‍ മറന്നു, വിളിച്ചപ്പോള്‍ തന്നെ പേര് മാറിയാണ് വിളിച്ചത്. ആ സമയത്ത് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു ടെന്‍ഷന്‍ അദ്ദേഹത്തിനും ഫീല്‍ ചെയ്തിട്ടുണ്ടാകാം. കാലിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് സ്റ്റേജിലേക്ക് കയറാനും സാധിച്ചിരുന്നില്ല. അത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ആ ഒരു നിമിഷത്തില്‍ എല്ലാ മനുഷ്യരും പെരുമാറുന്നത് പോലെയാണ് അദ്ദേഹവും പെരുമാറിയത്.

അദ്ദേഹം ചെയ്ത കാര്യത്തില്‍ എനിക്ക് ഒരു തരത്തിലുള്ള വിഷമവും പരിഭവും ഉണ്ടായിട്ടില്ല. ആ സമയത്ത് അങ്ങനെ അദ്ദേഹം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന പിരിമുറക്കം കാരണമായിരിക്കാം. ഇന്നലെ ഉച്ച മുതലാണ് ഈ വിഷയം ഇത്രയധികം സാമൂഹ്യ മാധ്യമങ്ങളില്‍ സംസാര വിഷയമായത് ഞാന്‍ ശ്രദ്ധിക്കുന്നത്. അപ്പോള്‍ മുതല്‍ തന്നെ ഇതിന് എന്ത് മറുപടി പറയണമെന്ന ടെന്‍ഷനിലായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
ഞാന്‍ പറയുന്ന മറുപടി വേറൊരു തലത്തിലേക്കൊന്നും പോകാന്‍ പാടില്ല. മതപരമായ തരത്തില്‍ വരെ ഇത് ചർച്ച ചെയ്യുന്ന നില വരെ എത്തി. അങ്ങനെയൊന്നും ഉണ്ടാകാന്‍ പാടില്ല. ആ സമയത്ത് അദ്ദേഹത്തിനുണ്ടായ ഒരു തെറ്റിദ്ധാരണയാണ് അത്. ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ശമ്പ്ദം ഇടറുന്നുണ്ടായിരുന്നു. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടായി.
അത്രയും പ്രായവും സീനിയോറിറ്റിയുമുള്ള അദ്ദേഹത്തെക്കൊണ്ട് എന്നോട് മാപ്പ് പറയുന്നതിലേക്ക് വരെ ആ വിഷയം എത്തിച്ചു. അതിലൊക്കെ ഒരുപാട് വിഷമമുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും എന്നെ പിന്തുണച്ചു. അതിലെല്ലാം എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാമ്പയിനുണ്ടാകാന്‍ പാടില്ല. അദ്ദേഹം അത് മനപ്പൂർവ്വം ചെയ്തതല്ല, ഒരു മനുഷ്യനും ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ വിഷയം ഇവിടെ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
മൊമന്റോ കൊടുക്കാന്‍ എന്നെ വിളിച്ചു, ഞാന്‍ അത് കൊടുത്തു. പക്ഷെ അദ്ദേഹം അത് സ്വീകരിക്കാന്‍ ആഗ്രഹിച്ചത് ജയരാജ് സാറിന്റെ കയ്യില്‍ നിന്നാണ്. അത് മനസ്സിലാക്കിയതുകൊണ്ടാണ്‍ ഞാന്‍ പുറകിലേക്ക് പിന്മാറിയത്. അല്ലാതെ എനിക്ക് അതിനകത്ത് ഒരു രീതിയിലുള്ള വിഷമവും ഇല്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
പേര് മാറിയതില്‍ അവതാരകയ്ക്ക് തെറ്റ് പറ്റിയെന്നും പറയാന്‍ സാധിക്കില്ല. ഒരു ലൈവ് പരിപാടി ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാനുഷികപരമായ തെറ്റ് മാത്രമാണ് അവിടേയും സംബന്ധിച്ചുള്ളു. ചിലതിന് ശ്രദ്ധ കിട്ടാറുണ്ട്, ചിലതിന് ശ്രദ്ധകിട്ടാറില്ല. ഇന്നലത്തെ കാര്യത്തിന് ശ്രദ്ധ കിട്ടിയെന്നാണ് തോന്നുന്നത്.
ഇന്നലെ രാത്രി ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ "മോനെ പ്ലീസ് കോള്‍ ബാക്ക്" എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒരു മെസേജ് ഞാന്‍ കണ്ടു. ഇന്ന് രാവിലെ തന്നെ അദ്ദേഹത്തെ വിളിച്ചു. എന്റെ കോള്‍ പ്രതീക്ഷിച്ച് ഇരിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം കോള്‍ എടുത്തത്. എന്നെയൊന്ന് കാണണം എന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം തിരുവനന്തപുരത്തും ഞാന്‍ കൊച്ചിയിലുമായതിനാല്‍ അത് നടന്നില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications