'യൂസഫ് അലിയ്ക്കും രവി പിള്ളയ്ക്കുമെതിരായ തെളിവ് സൂക്ഷിച്ചത് എവിടെന്ന് ചോദിച്ചു'; സ്വപ്ന സുരേഷ്
കൊച്ചി: തന്നെ പല കേസുകളിലും പെടുത്തി ഭയപ്പെടുത്താൻ ശ്രമം നടക്കുകയാണെന്നും അങ്ങനെ തന്നെ നിശബ്ദയാക്കാമെന്ന് കരതേണ്ടെന്നെന്നും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. അനാവശ്യ ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്. വിജീഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
'എന്ന് എന്റെ പോരാട്ടം തുടങ്ങിയോ അന്ന് മുതൽ എന്നെ പല കേസുകളിലും പെടുത്തി എന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപ്രസക്തമായ ചോദ്യങ്ങളാണ് അവരെന്നോട് ചോദിച്ചത്. രവി പിള്ളക്കും യൂസഫ് അലിക്കും എതിരെയുള്ള തെളിവുകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്, കേന്ദ്രസർക്കാരിൽ നിന്ന് ആരുടെയൊക്കെ സഹായമാണ് എനിക്ക് കിട്ടിയിട്ടുള്ളത്, പ്രാദേശിക നേതാക്കളിൽ നിന്നുള്ള ഓഫറുകൾ എന്തൊക്കെയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്നെയാണ് ഇന്ന് വിളിച്ചുവരുത്തിയത്. എനിക്ക് എംവി ഗോവിന്ദനെ അറിയില്ല. 2016 ൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഗോവിന്ദൻ എന്നൊരാൾ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുമായി വളരെ വലിയ അടുപ്പം പുലർത്തുമ്പോൾ എങ്ങനെയാണ് മുൻ മന്ത്രിയെ അറിയാതിരിക്കുന്നതെന്നാണ് അവർ എന്നോട് ചോദിച്ചത്.

ഇഡി വിജീഷ് പിള്ളയോട് 30 കോടിയെ കുറിച്ച് എന്താണ് ചോദിച്ചത്, ഇഡിയിൽ എന്റെ സുഹൃത്ത് ആരാണെന്നൊക്കെയാണ് ചോദിക്കുന്നത്. ഏതെങ്കിലും കേസിൽ പെടുത്തി ഭയപ്പെടുത്തി എന്നെ നിശബ്ദയാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. എന്നോട് പോലീസ് സംരക്ഷണം ആവശ്യമുണ്ടോയെന്ന് ചോദിച്ചത്. നീതി ലഭിക്കുന്നത് വരെ പോരാടും.
വിജീഷ് പിള്ളയെന്ന ആള് എന്നെ കണ്ടു എന്നോട് നാടുവിടാൻ ആവശ്യപ്പെട്ടു, 30 കോടിയും പുതിയ പാസ്പോർട്ടും തരാമെന്ന് പറഞ്ഞു. ഗോവിന്ദൻമാഷാണ് പറഞ്ഞുവിട്ടത്, അവർ അയൽക്കാരാണ് ,സുഹൃത്തുക്കളാണ് , അവരുടെ മകന്റെ സുഹൃത്താണ് എന്നൊക്കെയാണ് പറഞ്ഞത്. അല്ലാതെ എനിക്ക് ഗോവിന്ദൻമാഷെ കുറിച്ച് ആരോപണം ഉന്നയിക്കേണ്ട കാര്യം എനിക്ക് ഇല്ല. അറിഞ്ഞൂടാത്ത വ്യക്തിയെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്. ഞാൻ കേസിൽ നിന്ന് പിൻമാറില്ല. എന്റെ ആരോപണത്തിൽ ഞാൻ ഉറച്ച് നിൽക്കും. പോലീസിന്റെ ചോദ്യത്തിൽ നിന്ന് മനസിലായത് വിജീഷ് പിള്ളയെ അവർ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ്. വിജീഷ് പിള്ളയുടെ വായിൽ നിന്നാണ് ആദ്യമായി ഗോവിന്ദൻ മാഷിനെ കുറിച്ച് ഞാൻ കേൾക്കുന്നത്. എനിക്ക് അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ല.എനിക്ക് രാഷ്ട്രീയത്തിൽ യാതൊരു താത്പര്യവുമില്ല', സ്വപ്ന സുരേഷ് പറഞ്ഞു.












Click it and Unblock the Notifications