കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ കണ്ണീരായ അസ്ന, ബോംബേറിൽ തകർന്ന കാലുമായി കുതിച്ച് അസ്ന ഇനി സ്വന്തം നാടിന്റെ ഡോക്ടർ!

Google Oneindia Malayalam News

കണ്ണൂര്‍: അസ്‌ന എന്ന പേര് കേരളം അത്ര പെട്ടെന്നൊന്നും മറക്കില്ല. ചോരയുടെ മണം കേരള രാഷ്ട്രീയത്തില്‍ പരന്ന് തുടങ്ങിയ നാളുകളുടെ കറുത്ത ഓര്‍മയാണ് ആ പേര്. കണ്ണൂരിലെ ചെറുവാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ബോംബാക്രമണത്തിന് ഇരയായി കാല് നഷ്ടപ്പെട്ട് ചോരയൊലിച്ച് കിടന്ന അഞ്ചു വയസ്സുകാരി പെണ്‍കുട്ടി എക്കാലവും കേരളത്തെ വേദനിപ്പിച്ച് കൊണ്ടിരുന്നു. പത്തൊന്‍പത് വര്‍ഷം നീണ്ട പോരാട്ടത്തിന്റെയും ഒടുവില്‍ വലിയൊരു വിജയത്തിന്റെയും കഥയുണ്ട് ഇന്ന് അസ്‌നയ്ക്ക് പറയാന്‍.

എംബിബിഎസ് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കി ഡോക്ടറായി സേവനം ആരംഭിച്ചിരിക്കുകയാണ് അസ്‌ന ഇന്ന്. അതും സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്നെ. അക്ഷരാര്‍ത്ഥത്തില്‍ സ്വപ്‌ന നിമിഷം. മകളുടെ സ്വപ്‌നങ്ങള്‍ക്ക് എന്നും കൂടെ നിന്ന അച്ഛന്‍ നാണുവിനൊപ്പം എത്തിയാണ് അസ്‌ന ചുമതലയേറ്റെടുത്തത്.

asna

2000 സെപ്റ്റംബര്‍ 27ലാണ് അസ്‌ന ആക്രമിക്കപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം സഹോദരനൊപ്പം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു അസ്‌ന. അസ്‌നയുടെ വീടിന് സമീപത്തുളള പോളിംഗ് സ്‌റ്റേഷനായ പൂവത്തൂര്‍ ന്യൂ എല്‍പി സ്‌കൂളിലുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയായാണ് ബോംബേറുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബ് അസ്‌നയുടെ മേലാണ് വന്ന് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ വലത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു.

പിന്നീടങ്ങോട്ട് ജീവിതത്തോടുളള പോരാട്ടമായിരുന്നു അസ്‌നയുടേത്. അച്ഛന്‍ നാണു അസ്‌നയെ തോളിലേറ്റ് സ്‌കൂളിലെത്തിച്ചു. പഠനത്തില്‍ മിടുക്കിയായി മുന്നേറിയ അസ്‌നയ്ക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചു. വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടേയും അകമഴിഞ്ഞ പിന്തുണ അസ്‌നയ്ക്കുണ്ടായിരുന്നു. ചികിത്സയ്ക്കും മറ്റുമായി 15 ലക്ഷം രൂപ നാട്ടുകാര്‍ പിരിച്ച് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അസ്‌നയ്ക്ക് വീട് വെച്ച് നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസ്‌നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

English summary
Asna takes charge as doctor at Cheruvanchery, Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X