മേക്കപ്പിനിടെ സാരി ഉടുപ്പിക്കുമ്പോൾ അനാവശ്യമായി സ്പർശിച്ചു, മേക്കപ്പ് ആർട്ടിസ്റ്റ് അനീസിനെതിരെ പുതിയ പരാതി
എറണാകുളം: ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ ഉണ്ടെന്ന് പൊലീസ്. പ്രതി ദുബായിലേക്ക് കടന്നെങ്കിലും മൂന്ന് ദിവസം മുമ്പ് കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്‌പോർട്ട് ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനീസ് അൻസാരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇനിയും വനിതകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്‍റെ അനുമാനം.
കഴിഞ്ഞ ദിവസം പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന യുവതിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. 2015ൽ വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ്പ് സ്ഥാപനത്തിൽ വച്ചാണ് സംഭവം ഉണ്ടായതെന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു. വിവാഹത്തിനു മേക്കപ്പ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി സ്‌പർശിച്ചെന്നാണു യുവതിയുടെ പരാതി. കൂടുതൽ തെളിവുകൾ അനീസിനെതിരെ നൽകാൻ തയ്യാറാണെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവാഹ സമയം ആയതുകൊണ്ടാണ് അന്ന് അനീസ് അൻസാരിക്കെതിരെ പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

2019ൽ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീസ് അൻസാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വനിതകൾ രംഗത്തെത്തിയത്. വിവാഹ മേക്കപ്പിന്റെ ട്രയലിനായി എത്തിയ യുവതിയോട് വസ്‌ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് അൻസാരിക്കെതിരെ ഉയർന്ന ആദ്യ പരാതി. ഇതോടെ മേക്കപ്പ് നിർത്തിപ്പിച്ച് രജിസ്‌ട്രേഷൻ റദ്ദാക്കി യുവതി ഇറങ്ങിപ്പോരുകയായിരുന്നു.

ഇയാൾക്കെതിരെ ഇതിനകം മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് മൂന്ന് യുവതികളും പരാതിപ്പെട്ടിരിക്കുന്നത്. പുതിയ പരാതി ലഭിച്ചതോടെ ഇയാൾക്കെതിരെയുള്ള കേസുകൾ നാലായി. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യത ഉണ്ടെന്ന് പൊലീസ് പറയുന്നു. നിലവിൽ പരാതി നൽകിയ യുവതികൾ മറ്റു പലരും സമാനരീതിയിൽ ഇയാളെക്കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു. പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് അനീസ് അൻസാരി ഒളിവിൽ പോയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേ സമയം വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക്ക് ചെയ്‌തിരുന്നവർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 78,000 ഫോളോവേഴ്‌സുള്ള അനീസ്, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും തന്റെ ബ്രാൻഡുമായി ഫാഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരാളാണ്. ബ്രൈഡൽ ആർട്ടിസ്റ്റ് എന്നതിലുപരി അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് അനീസ്.












Click it and Unblock the Notifications