വോട്ടും മാലിന്യവും തമ്മിലെന്ത്? ശുചിത്വ പാഠം പകർന്ന് ഐസക്കിന്റെ പ്രചാരണം
ആലപ്പുഴ: തിരഞ്ഞെടുപ്പാണെന്ന് കരുതി വീടുകയറി വോട്ടു ചോദിക്കുന്നതും കവല പ്രസംഗം നടത്തുന്നതുമൊക്കെ പഴഞ്ചൻ രീതി. മണ്ഡലത്തിലെ മാലിന്യം അടിച്ചുവാരി എല്ലായിടവും ശുചിയാക്കുക. അതാണ് പുതിയ പ്രചാരണ രീതി.
ആലപ്പുഴ മണ്ഡലത്തിലെത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംൽഎയുമായ തോമസ് ഐസക്കാണ് വേറിട്ട പ്രചാരണ രീതിക്ക് തുടക്കമിട്ടത്. പ്രചാരണം തുടങ്ങിയ ശനിയാഴ്ച മണ്ഡലത്തിലെ 17 ഇടങ്ങളിലാണ് ശുചീകരണം നടത്തിയത്. തൂമ്പയും മൺവെട്ടിയുമെടുത്ത് ഐസക് നേരിട്ട് മണ്ണിലേക്കിറങ്ങി. ഇതോടെ അണികളും ചേർന്നു. ഇനി ഓരോ ദിവസവും ശുചീകരണം തുടരാനാണ് പരിപാടി.

പണ്ട് ആലപ്പുഴയിൽ മാലിന്യപ്രശ്നം രൂക്ഷമായിരുന്നു. മാലിന്യം സംസ്കരിക്കാൻ സർവോദയപുരത്ത് സ്ഥാപിച്ച പ്ളാന്റുകൊണ്ട് പ്രയോജനം ഒന്നുമുണ്ടായില്ല. ദുർഗന്ധം മൂലം നാട്ടുകാർ സമരം ചെയ്തു പ്ളാൻറ് പൂട്ടിച്ചു. നഗരം മാലിന്യക്കൂമ്പാരമായി. ഇതോടെ ഐസക് അത് ഏറ്റെടുത്തു. നഗരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. മാലിന്യത്തിൽ നിന്ന് വളവും പാചകവാതകവും ഉത്പാദിപ്പിച്ചു. ഇന്ന് ആലപ്പുഴ സുന്ദരമാണ്. അതിന് പിന്നില്‍ തോമസ് ഐസക്കിന്‍റെ പരിശ്രമം തന്നെ ആയിരുന്നു.
എന്തായാലും ആലപ്പുഴ മാതൃക ലോകം മുഴുവനും അംഗീകരിക്കപ്പെട്ടു. പാരീസിൽ നടന്ന ഉച്ചകോടിയിലും ഐസക് ആലപ്പുഴ മാതൃക അവതരിപ്പിച്ചു. നാട്ടിൽ കിട്ടിയ പ്രശംസ വിദേശത്തും കിട്ടി.അതുകൊണ്ടൊക്കെ തന്നെയാണ് മാലിന്യത്തിൽ നിന്ന് തന്നെ ഐസക് പ്രചാരണം തുടങ്ങിയതും.












Click it and Unblock the Notifications