കുട്ടനാട്ടില്‍ ജോസഫ്-മാണി പോര് ; യുഡിഎഫിന് അങ്ങനെ ഒരു വിമതനും കൂടി
കുട്ടനാട്: കെഎം മാണിയും പിജെ ജോസഫും ഒന്നായെങ്കിലും കുട്ടനാട്ടില്‍ ഇപ്പോഴും ഇരുവരും രണ്ടു തന്നെ. നേരത്തെ ജോസഫ് വിഭാഗത്തിലുണ്ടായിരുന്നയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മാണി വിഭാഗത്തിലുള്ളവര്‍ ഇടഞ്ഞു. മാണി വിഭാഗത്തിലെ സീനിയര്‍ നേതാക്കളിലൊരാള്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ചെങ്ങന്നൂരിന് പിന്നാലെ കുട്ടനാട്ടിലും യുഡിഎഫിന് വിമതനായി.

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജേക്കബ് എബ്രഹാമിനെയാണ് തീരുമാനിച്ചിരുന്നത്. ജേക്കബ് എബ്രഹാം ജോസഫ് വിഭാഗക്കാരനാണ്. എന്നാല്‍, മാണി വിഭാഗത്തിന് അവകാശപ്പെട്ട സീറ്റില്‍ മാണി വിഭാഗത്തിലെ നേതാവിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗമായ ജോസ് കോയിപ്പള്ളി വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനെതിരെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസുകാരിയുമായ ശോഭനാ ജോര്‍ജ് വിമതയായി മത്സരിക്കുന്നുണ്ട്. ശോഭനയെ പിന്‍തിരിപ്പിക്കാനായി യുഡിഎഫ് നേതാക്കള്‍ പിന്നാലെ നടക്കുമ്പോഴാണ് കുട്ടനാട്ടില്‍ പുതിയ വിമതശല്യം. കുട്ടനാട്ടില്‍ എന്‍സിപിയുടെ തോമസ് ചാണ്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications