ഒരു രഹസ്യം... കൊണ്ടോട്ടിക്കാര്‍ മന്ത്രിയാകും; പക്ഷെ കൊണ്ടോട്ടിയില്‍ ജയിച്ചാല്‍ ആവില്ല!!!
മലപ്പുറം: കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിനുണ്ടൊരു ചരിത്രം. ഇവിടെ മത്സരിച്ചാല്‍ മന്ത്രിയാകാനാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിനുള്ള കാരണവും ഇവര്‍ തന്നെ പറയുന്നു. ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച് ആരും തന്നെ ഇതുവരെ മന്ത്രിസ്ഥാനത്തെത്തിയിട്ടില്ല.
ലീഗ് തട്ടകമായ മലപ്പുറം ജില്ലയിലെ നിരവധി നേതാക്കള്‍ പിറവിയെടുത്ത കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് ഇതുവരെ മുസ്ലിംലീഗിന് ഒരു മന്ത്രി ഉണ്ടായില്ലെന്ന് പറഞ്ഞാല്‍ അതില്‍ എന്തോ ഉണ്ട്- ചില നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട് ഇക്കാര്യം.

എന്നാല്‍ മറ്റൊരു കാര്യം കൂടിയുണ്ട്. അതേ കൊണ്ടോട്ടി മണ്ഡലത്തില്‍ മത്സരിച്ചവര്‍ മണ്ഡലം മാറി പരീക്ഷിക്കുമ്പോള്‍ മന്ത്രിമാര്‍ ആകുകയും ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലത്തിലുള്‍പ്പെട്ടവര്‍ മുഖ്യമന്ത്രിയും മന്ത്രിയും ഗവണ്‍മെന്റ് ചീഫ്‌വിപ്പും വരെയായി എന്നുളളത് മറ്റൊരു കൗതുകം.
മണ്ഡല രൂപീകരണ കാലം മുതല്‍ ഇന്നുവരെ മുസ്‌ലീം ലീഗിനെയും യുഡിഎഫിനെയും കൈവിടാത്ത സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നാണ് കൊണ്ടോട്ടി. എംപിഎം അഹമ്മദ് കുരിക്കള്‍, സിഎച്ച് മുഹമ്മദ് കോയ, പി സീതിഹാജി, പികെകെ ബാവ എന്നിവരാണ് മണ്ഡലത്തില്‍ മല്‍സരിച്ചവരിലെ പ്രമുഖര്‍. എംപിഎം അഹമ്മദ് കുരിക്കള്‍ രണ്ടു തവണ കൊണ്ടോട്ടിയുടെ നിയമസഭ സാമാജികനായെങ്കിലും 1967ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അദ്ദേഹം പഞ്ചായത്ത് നഗരസവികസന മന്ത്രിയായത്.
1970 ലാണ് സിഎച്ച് മുഹമ്മദ്‌കോയ കൊണ്ടോട്ടി എംഎല്‍എ ആയത്. എന്നാല്‍ 1967ല്‍ മങ്കടയില്‍ നിന്നു മല്‍സരിച്ച സിഎച്ച് വിദ്യഭ്യാസമന്ത്രിയും മലപ്പുറത്ത് നിന്ന് 1977ല്‍ മല്‍സരിച്ച് മുഖ്യമന്ത്രിയുമായി. 1977 മുതല്‍ തുടര്‍ച്ചയായി നാലു തവണ എംഎല്‍എ ആയ പി സീതിഹാജി ഗവണ്‍മെന്റ് ചീഫ്‌വിപ്പായത് കൊണ്ടോട്ടി വിട്ട് 1991 ല്‍ താനൂരില്‍ നിന്ന് ജയിച്ചപ്പോഴാണ്.
1996ല്‍ കൊണ്ടോട്ടിയില്‍ നിന്ന് ജനവിധി തേടിയ പികെകെ ബാവയും മന്ത്രിയായത് മറ്റൊരിടത്തുനിന്നാണ്. കൊണ്ടോട്ടി മണ്ഡലത്തില്‍ വോട്ടുളള ഇടി മുഹമ്മദ്ബഷീറും എളമരം കരീമും വ്യത്യസ്ഥ മണ്ഡലങ്ങളില്‍ മല്‍സരിച്ച് ജയിച്ചു മന്ത്രിമാരായി എന്നുളളതും കൗതുകമാണ്. ഇടി മുഹമ്മദ് ബഷീറും എളമരം കരീമും വാഴക്കാട് പഞ്ചായത്തിലെ എളമരം സ്വദേശികളാണ്. ഇരുവരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേതാക്കളായത്. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതാക്കളായ സഖാവ് കുഞ്ഞാലി, സൈതാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് അഡ്വ.വീരാന്‍കുട്ടി തുടങ്ങിയവരെല്ലാം കൊണ്ടോട്ടി മണ്ഡലത്തില്‍ വേരുള്ളവരാണെങ്കിലും ഇവര്‍ തിളങ്ങിയത് മറ്റു മണ്ഡലങ്ങളിലാണ്.












Click it and Unblock the Notifications