ഇടിത്തീയായി സ്‌ഫോടനം; പാര്‍ട്ടി കേന്ദ്രങ്ങളില്‍ അങ്കലാപ്പ്
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കെ ബോംബു പൊട്ടി പ്രവര്‍ത്തകര്‍ ആശുപത്രിയിലായത് കോഴിക്കോട്ട് സിപിഎമ്മിന് കടുത്ത ക്ഷീണമായി. പാര്‍ട്ടിയുടെ പരമ്പരാഗത മേഖലകളായ വടകര, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെല്ലാം ഇത്തവണ ശക്തമായ മത്സരങ്ങളാണ് നടക്കുന്നത്. ഇതിനിടയിലാണ് കല്ലാച്ചിക്കടുത്ത് തെരുവംപറമ്പിലെ പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബു പൊട്ടി അഞ്ചു പേര്‍ ആശുപത്രിയിലായത്.
നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്നാണ് ആരോപണം. അന്വേഷണം നടത്തണമെന്ന് സിപിഎം പ്രസ്താവന ഇറക്കിയെങ്കിലും സാഹചര്യത്തെളിവുകള്‍ പാര്‍ട്ടിക്കെതിരാണ്. ബോംബ് സ്‌ഫോടനമുണ്ടായ ശേഷം ഏറെ നേരം സംഭവസ്ഥലത്തേയ്ക്ക് ആരെയും സിപിഎം പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നില്ല. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍നിന്ന് മുങ്ങുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റവരാണ് കുടുങ്ങിയത്. അവരുടെ പേരു വിവരം പോലും നല്‍കാന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ മടിച്ചുനിന്നു.

ബോംബുകള്‍ കോഴിക്കോടിന്റെ വടക്കന്‍ മേഖലയിലേയ്ക്കും കണ്ണൂരിലേയ്ക്കുമുള്ളതായിരുന്നു എന്നാണ് പ്രദേശത്തുനിന്ന് ലഭിക്കുന്ന വിവരം. ബുധനാഴ് രാത്രി നടന്ന സ്‌ഫോടനത്തിനു പിന്നാലെ വിഷയം മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാഴാഴ്ച യുഡിഎഫ് നാദാപുരത്ത് സത്യഗ്രഹം നടത്തി. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു.
നിനച്ചിരിക്കാതെയുണ്ടായ കൈയബദ്ധം ചെറിയ ക്ഷീണമാവില്ല കോഴിക്കോടിന്റെ വടക്കന്‍ മേഖലയില്‍ സിപിഎമ്മിന് നല്‍കുന്നത്. പ്രത്യേകിച്ച് കുറ്റ്യാടി, നാദാപുരം, വടകര മണ്ഡലങ്ങളില്‍. അക്രമരാഷ്ട്രീയം ചര്‍ച്ചയായാല്‍ ടിപി ചന്ദ്രശേഖരന്‍ വധം വീണ്ടും സജീവവിഷയമാവുകയും അത് പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷം ചെയ്യുകയും ചെയ്യും. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് പ്രാദേശിക നേതാക്കള്‍.
നാദാപുരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ 7546 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐയിലെ ഇകെ വിജയന്‍ ജയിച്ചത്. ഇത്തവണ കുറെക്കൂടി ശക്തനായ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നാദാപുരത്ത് കൊണ്ടുവരികയും ചെയ്തു. കുറ്റ്യാടിയില്‍ മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ല സിപിഎമ്മിലെ കെകെ ലതികയുമായി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മണ്ഡലത്തില്ഡ ആര്‍എംപിയുടെ സ്ഥാനാര്‍ഥിയുമുണ്ട്. കഴിഞ്ഞ തവണ 847 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിനൊപ്പം നിന്ന വടകരയില്‍ ഇത്തവണ എന്താകുമെന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുകയാണ്.












Click it and Unblock the Notifications