സിപിഎം നിലപാട് മാറ്റി, സുധീരൻവെട്ടിലായി! വെള്ളാപ്പള്ളിയുടെ പാനലില്‍ കോൺഗ്രസുകാരും
കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന സിപിഎമ്മിനെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ഒടുവില്‍ വെട്ടിലായി. കണിച്ചുകുളങ്ങര തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പാനലിൽ മത്സരിക്കാൻ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെയാണിത്. വെള്ളാപ്പള്ളി തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടതും.
വെള്ളാപ്പള്ളിയുമായി സിപിമ്മിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ് കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പിൽ നിന്ന് അവർ മാറി നിൽക്കാൻ കാരണമെന്നായിരുന്നു സുധീരന്റെ ആരോപണം. ഇതിന് മറുപടിയായി സിപിഎമ്മും രംഗത്ത് വന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതിനാലാണ് ദേവസ്വം തിരഞ്ഞെടുപ്പ് കാര്യമാക്കാതിരുന്നതെന്നും വെള്ളാപ്പള്ളി പാനലിനെ തോൽപ്പിക്കുകയാണ് പാർട്ടിയുടെ നിലപാടെന്നും ആണ് സിപിഎം പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനിടെ ചിഹ്നം ഉപയോഗിച്ച് ദേവസ്വം തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്നും സിപിഎം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.
അതേ സമയം ദേവസ്വം തിരഞ്ഞെടുപ്പിൽ ആരുമായും ഐക്യമില്ലെന്ന് വെള്ളാപ്പള്ളിയും വ്യക്തമാക്കി. ദേവസ്വം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിനെതിരെ മത്സരിക്കാൻ ആദ്യം സിപിഎം തീരുമാനിച്ചിരുന്നു. പിന്നിടാണ് അവർ മത്സര രംഗത്ത് നിന്ന് പിൻമാറിയത്. ഇതാണ് ആരോപണങ്ങളുടെ തുടക്കം.
വെള്ളാപ്പള്ളിക്കെതിരെ നിലപാട് കടുപ്പിക്കാൻ ഇപ്പോൾ സിപിഎം തീരുമാനിച്ചതോടെ കോൺഗ്രസും വിഎം സുധീരനുമാണ് വെട്ടിലായത്. വെള്ളാപ്പള്ളിക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ സുധീരൻ ഇടപെട്ട് പിൻതിരിപ്പിക്കുമോയെന്നേ ഇനി അറിയേണ്ടതുള്ളൂ.












Click it and Unblock the Notifications