മോണോ റെയില്‍ തട്ടിപ്പെന്ന് പ്രദീപ് കുമാര്‍; എന്തിന് ബഹിഷ്‌കരിച്ചെന്ന് സുരേഷ് ബാബു
കോഴിക്കോട്: മോണോ റെയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനത്തട്ടിപ്പ് മാത്രമായിരുന്നെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍. അതുകൊണ്ടായിരുന്നോ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ ചടങ്ങ് എംഎല്‍എ ബഹിഷ്‌കരിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ പിഎം സുരേഷ് ബാബുവിന്‍റെ മറുചോദ്യം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് മോണോ റെയിലിന്റെ കാര്യത്തില്‍ ഇരുകൂട്ടരും കൊമ്പുകോര്‍ത്തത്.
കോഴിക്കോട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മോണോ റെയില്‍ കൊണ്ടുവരുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനമെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍, വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോണോ റെയിലിന്റെ പേര് ലൈറ്റ് മെട്രൊ എന്നാക്കി പ്രചാരണം കൊഴുപ്പിച്ചു. 20 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാനവും 60 ശതമാനം വായ്പയുമായിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍, ഒരു രൂപ പോലും സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചില്ല. ഒടുക്കം എസ്റ്റിമേറ്റ് തയ്യാറാക്കലിന്റെ ഉദ്ഘാടനം നഗരത്തില്‍ പൊടിപൊടിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കലിന്റെ ഉദ്ഘാടനം നടന്നതെന്നും എ പ്രദീപ് കുമാര്‍ പരിഹസിച്ചു.

പദ്ധതിയുടെ കാര്യത്തില്‍ എംഎല്‍എയ്ക്ക് പരാതിയുണ്ടെങ്കില്‍ എന്തുകൊണ്ട് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് അത് ജനങ്ങളോട് പറഞ്ഞില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ പിഎം സുരേഷ് ബാബു ചോദിച്ചു. രാഷ്ട്രീയ തീരുമാനങ്ങളാല്‍ ആയിരുന്നില്ലേ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം ചോദിച്ചു. വികസനത്തോടൊപ്പം പ്രത്യയശാസ്ത്രം കൂടി ചര്‍ച്ച ചെയ്യപ്പെടണമെന്നതാണ് തന്റെ കാഴ്ചപ്പെടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തെരഞ്ഞെടുക്കപ്പെട്ടാല്‍ നഗരത്തില്‍ മോണോ റെയില്‍ കൊണ്ടുവരുന്നതിനായി പരിശ്രമിക്കുമെന്ന് സ്ഥാനാര്‍ഥി കെപി ശ്രീശന്‍ പറഞ്ഞു. ഗതാഗത സംവിധാനങ്ങള്‍, മെഡിക്കല്‍ കോളെജ് വികസനം, കുടിവെള്ള പദ്ധതികള്‍, ആവശ്യത്തിന് ടായ്‌ലറ്റുകള്‍ തുടങ്ങിയവയും യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ്, ട്രഷറര്‍ വിപുല്‍ നാഥ്, വൈസ് പ്രസിഡന്റ് ഇപി മുഹമ്മദ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications