ഗവര്‍ണറാകാന്‍ ഗൗരിയമ്മയെ കിട്ടില്ല, ബിജെപിയുടെ തന്ത്രം പൊളിഞ്ഞു!!! ഇടതിനൊപ്പം തന്നെ
ആലപ്പുഴ: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപാളയത്തില്‍ നിന്ന് പുറത്ത് പോയ ഗൗരിയമ്മയെ പാട്ടിലാക്കാനുള്ള എന്‍ഡിഎ തന്ത്രം പൊളിഞ്ഞു. സീറ്റ് ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആയിരുന്നു ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസിന്‍റെ തീരുമാനം. ഇടഞ്ഞുനില്‍ക്കുന്ന ജെഎസ്എസിനെ എന്‍ഡിഎയില്‍ എത്തിച്ചാല്‍ ഗൗരിയമ്മയ്ക്ക് ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്നായിരുന്നത്രെ ചില ബിജെപി നേതാക്കളുടെ വാഗ്ദാനം.

എന്നാല്‍, വര്‍ഗീയ പാര്‍ട്ടിക്കൊപ്പം സ്ഥാനമാനങ്ങള്‍ക്കായി കൂട്ടുകൂടാന്‍ തന്നെപ്പോലൊരു കമ്മ്യൂണിസ്റ്റുകാരിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഗൗരിയമ്മ ഇടത്തു തന്നെ നില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
സീറ്റു വിഷയത്തിൽ ഇടഞ്ഞ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടിലെത്തിയിരുന്നു. എന്നിട്ടും ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിൽ ഗൗരിയമ്മ ഉറച്ചു നിന്നു. ഇതിനിടെയാണ് ഗൗരിയമ്മയെ ഒപ്പം കൂട്ടാന്‍ എന്‍ഡിഎ വാഗ്ദാനങ്ങളുമായെത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തിയതോടെയാണ് ഗൗരിയമ്മ അയഞ്ഞത് .ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു. ആലോചിക്കാമെന്നായിരുന്നു അന്ന് ഗൗരിയമ്മ പറഞ്ഞ മറുപടി.
ഒറ്റയ്ക്ക് മത്സരിക്കുന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യം വെളിച്ചത്താക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു എന്നാണ് വിവരം. ഇതോടെയാണ് എല്‍ഡിഎഫിനൊപ്പം തന്നെ തുടരാന്‍ തീരുമാനമായത്. ഗൗരിയമ്മ അനുകൂല നിലപാട് എടുത്തതോടെ ഇടത് ക്യാമ്പിന് ആശ്വാസമായി. അവര്‍ ഗൗരിയമ്മയെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും പ്രചാരണ പോസ്റ്റര്‍ അച്ചടിക്കാന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.












Click it and Unblock the Notifications