കയ്പമംഗലത്ത് നിന്ന് കോണ്‍ഗ്രസ് തലയൂരി , ഇനി ആര്‍എസ്പി പൊരുതട്ടെ
തൃശ്ശൂര്‍: സീറ്റ് മാത്രമല്ല, സ്ഥാനാര്‍ഥിയെയും നിശ്ചയിച്ച് നല്‍കി യുഡിഎഫ് നേതൃകക്ഷിയായ കോണ്‍ഗ്രസ് കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് തലയൂരി. താഴേക്കിടയില്‍ ഒരു പ്രവര്‍ത്തകന്‍ പോലുമില്ലാത്ത ആര്‍എസ്പി ഇനി കയ്പമംഗലത്ത് പൊരുതേണ്ടി വരും. ആര്‍എസ്പി യുവനേതാവും പിഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷനുമായ എംടി മുഹമ്മദ് നഹാസാണ് ഇവിടെ സ്ഥാനാര്‍ഥി.
ടിഎന്‍ പ്രതാപന് വേണ്ടിയാണ് കയ്പമംഗലം ഒഴിച്ചിട്ടിരുന്നത്. ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് വിടപറയുന്നത് പോലെ അപ്രതീക്ഷിതമായാണ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പ്രതാപന്‍ അറിയിച്ചത്. ഇതോടെ സീറ്റിന് വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ കലാപമായി. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കുപ്പായമിട്ടിറങ്ങി. പക്ഷേ കെപിസിസി പ്രസിഡന്റ് ഇത് വകവെച്ചില്ല. സീറ്റ് ആര്‍എസ്പിക്ക് തള്ളി.

ഇവിടെ ഞങ്ങള്‍ക്ക് ആളൊന്നുമില്ലെന്ന് കേണപേക്ഷിച്ചിട്ടും മറ്റൊരു മണ്ഡലവും വിട്ടുകൊടുക്കാന്‍ തയ്യാറായതുമില്ല. മണ്ഡലത്തില്‍ നിന്ന് ഒരാളെ കണ്ടെത്തിയപ്പോള്‍ അതും ചില കോണ്‍ഗ്രസ് നേതാക്കള്‍ മുടക്കിയെന്നും കഥകള്‍ പരന്നിട്ടുണ്ട്.
മണ്ഡലം കൈവിട്ടെന്ന് ഉറപ്പിച്ചപ്പോള്‍ നേതാക്കള്‍ ഗ്രൂപ്പായും ചേരി തിരിഞ്ഞും പ്രകടനങ്ങളും പോസ്റ്ററൊട്ടിക്കലുമൊക്കെ നടത്തി. പക്ഷേ ഒന്നും കേള്‍ക്കേണ്ടവര്‍ കേട്ടില്ല. ഫലം നിരാശമാത്രം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇപ്പോഴത്തെ കണക്കില്‍ ഇടത് കോട്ടയ്ക്കുള്ളില്‍ കയറി വിള്ളല്‍ വരുത്തി വിജയം കണ്ടെത്തണം.
പ്രചാരണത്തില്‍ ഇടതുമുന്നണിയും എന്‍ഡിഎയും ആദ്യഘട്ടവും രണ്ടാംഘട്ടവുമെല്ലാം പിന്നിട്ട സമയത്താണ് ആര്‍എസ്പിയുടെ സ്ഥാനാര്‍ഥിയെത്തുന്നത്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാലേ ഒരു തരംഗമെങ്കിലും ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. പ്രകടനമെല്ലാം നടത്തി ക്ഷീണിച്ചിരിക്കുമ്പോള്‍ പുതിയ നേതാവിന് വേണ്ടി ജയ് വിളിക്കാന്‍ കോണ്‍ഗ്രസുകാരെ തപ്പി നടക്കേണ്ടി വരുന്ന സ്ഥിതിയാകും മണ്ഡലത്തിലുണ്ടാകുക. ഒടുവില്‍ പ്രചാരണത്തിനും ആളെ കൂട്ടാന്‍ ഇറക്കുമതി നടത്തേണ്ടി വരും. കയ്പമംഗലം യുഡിഎഫിന് കയ്ക്കാനുള്ള സാധ്യതകളാണ് തുടക്കത്തിലേ നല്‍കുന്നത്.












Click it and Unblock the Notifications