കാഞ്ഞങ്ങാട് രാജു കട്ടക്കയത്തിന് വേണം, വെള്ളരിക്കുണ്ട് കോണ്‍ഗ്രസ് വിമതരുടെ പ്രകടനം!
വെള്ളരിക്കുണ്ട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്നു. സി പി ഐയുടെ കുത്തകസീറ്റായ കാഞ്ഞങ്ങാട് മത്സരിക്കാന്‍ വേണ്ടി അരഡസനോളം പേരാണ് കോണ്‍ഗ്രസില്‍ കച്ചകെട്ടിയിരിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഹരീഷ് പി നായരുടെ പേര് ഉയര്‍ന്ന് വന്നതോടെ ശക്തമായ പ്രതിഷേധമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
നേരത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്ന രാജു കട്ടക്കയത്തിന് തന്നെ സീറ്റ് കിട്ടണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും വെള്ളരിക്കുണ്ട് പ്രകടനം നടത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് രാജു കട്ടക്കയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മലയോര മേഖലയിലെ പ്രധാന ടൗണായ വെള്ളരിക്കുണ്ട് ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രകടനം. അതേസമയം, ഹരീഷ് പി നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ താന്‍ വിമതനായി മത്സരിക്കും എന്ന വാര്‍ത്തകള്‍ രാജു കട്ടക്കയം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി നിലകൊള്ളും. പക്ഷേ ഹരീഷ് പി നായരെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് രാജു കട്ടക്കയത്തിനും മതിപ്പില്ല.
ഡി സി സി ജനറല്‍ സെക്രട്ടറിയാണ് ഹരീഷ് പി നായര്‍. രാജു കട്ടക്കയമാകട്ടെ ബളാല്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും. രാജു കട്ടക്കയവും ഹരീഷ് പി നായരും ബളാല്‍ പഞ്ചായത്തില്‍ നിന്നും തന്നെ ഉള്ളവരാണ്. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയി, ജനതാദള്‍ (യു) ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍, എം ഹസൈനാര്‍, പി വി സുരേഷ് തുടങ്ങിയ പേരുകളും മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. നിലവില്‍ സി പി ഐയുടെ ഇ ചന്ദ്രശേഖരനാണ് കാഞ്ഞങ്ങാട് എം എല്‍ എ.












Click it and Unblock the Notifications