സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് പുതുപ്പള്ളിയിലും പാലയിലും പ്രചാരണത്തുടക്കം
കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും പുതുപ്പള്ളിയിലും പാലായിലും അണികള്‍ പ്രചാരണം ആരംഭിച്ചു. പ്രഖ്യാപനമൊക്കെ ഔദ്ദ്യോഗികമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നാണ് അണികളുടെ ഭാഷ്യം.
നിയസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേടുന്ന വിജയം, സംസ്ഥാനത്തു തന്നെ ഉമ്മന്‍ചാണ്ടിക്കും കെഎം മാണിക്കും അവകാശപ്പെട്ടതാണ്. കെഎം മാണി അരനൂറ്റാണ്ടിന്റെ നിറവിലാണെങ്കില്‍ നാലര പതിറ്റാണ്ട് തികച്ച് തൊട്ടു പിന്നിലുണ്ട് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ വരവ്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമായാണ് കെഎം മാണി നിറഞ്ഞു നില്‍ക്കുന്നത്.

തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ രംഗം വിടണമെന്ന് പ്രത്യക്ഷമായും പരോക്ഷമായും ശബ്ദമുയരുന്നത് പ്രധാനമായും കോണ്‍ഗ്രസില്‍ നിന്നുതന്നെയാണ്. പക്ഷെ ഉമ്മന്‍ചാണ്ടിയിലെത്തുമ്പോള്‍ ആ നിയന്ത്രണമൊക്കെ അലിഞ്ഞില്ലാതെയാകും. നിയമ സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ ചിഹ്നവും പേരും കാത്തിരിക്കാന്‍ പുതുപ്പള്ളിക്കാര്‍ തയ്യാറല്ല. പ്രാദേശികമായി സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിക്കുകയായി. ആ പതിവ് ഇക്കുറിയും തെറ്റിയില്ല.
എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കുരോപ്പട ഗ്രാമപഞ്ചായത്തില്‍ ചുവരെഴുത്തകള്‍ ഏതാണ്ട് പൂര്‍ത്തിയായി. അടുത്ത ദിവസം തന്നെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയാക്കുമെന്ന വാശിയിലാണ് പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും. ഇതേ അവസ്ഥ തന്നെയാണ് പാലായിലും. കൂറ്റന്‍ കട്ടൗട്ടറുകള്‍ വരെ സ്ഥാപിച്ച് ഇവിടെ പ്രചാരണം തുടങ്ങി.
സോളാര്‍ കേസിന്റെ കരിനിഴല്‍ മാറ്റി ഭരണത്തുടര്‍ച്ചയിലൂടെ പുതുപ്പള്ളിക്ക് വീണ്ടുമൊരു മുഖ്യമന്ത്രിയെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം ബാര്‍കോഴയില്‍ തട്ടി ഇടയ്ക്കുവച്ച് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന തങ്ങളുടെ നേതാവിന് പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസരമായാണ് കേരളാകോണ്‍ഗ്രസ് എം ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
കോട്ടയം ജില്ലയിലെ രണ്ട് വിഐപി മണ്ഡലങ്ങളാണ് പുതുപ്പള്ളിയും പാലായും. ഏതു പ്രതികൂല സാഹചര്യങ്ങളിലും യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ഉറച്ച മണ്ഡലങ്ങള്‍. അവിടെ എതിരാളികളെ കടന്നു കയറാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല നില മെച്ചപ്പെടുത്തുകയെന്നതും യുഡിഎഫ് ക്യാമ്പിന്റെ ലക്ഷ്യമാണ്. എന്നാല്‍ ജില്ലയില്‍ പലയിടത്തും ചില അത്ഭുതങ്ങള്‍ സംഭിവിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.












Click it and Unblock the Notifications