രണ്ടാം കാമരാജ് ആകാനോ വിഎസ് ജോയിയുടെ കളി...? ആറ് സീറ്റിന് വേണ്ടി കോണ്‍ഗ്രസ്സിന് തിട്ടൂരം!!!
കാമരാജ് എന്നാല്‍ കോണ്‍ഗ്രസ്സിന്റെ വികാരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലര്‍ക്കും മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയെ കുറിച്ച് മാത്രമേ അറിയൂ. പക്ഷേ കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ വിഎസ് ജോയിയ്ക്ക് ആ പഴയ കാമരാജിനെ നന്നായി അറിയാം. അത് മാത്രമല്ല, കാമരാജ് മോഡലിനെ പറ്റിയും നല്ല ധാരണയുണ്ടെന്നാണ് തോന്നുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കെഎസ് യു ഭാരവാഹികളായിരുന്ന മൂന്ന് പേര്‍ക്കാണ് കോണ്‍ഗ്രസ് അവസരം കൊടുത്തത്. ആ മൂന്ന് പേരും പുഷ്പം പോലെ ജയിച്ചുവരികയും ചെയ്തു. അപ്പോള്‍ പിന്നെ ഇത്തവണ വിഎസ് ജോയിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍.

കഴിഞ്ഞ തവണ മൂന്ന് സീറ്റ് ആണ് നല്‍കിയതെങ്കില്‍ ഇത്തവണ അത് ആറ് സീറ്റ് ആക്കി ഉയര്‍ത്തണം എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് കെഎസ് യു ആവശ്യപ്പെടുന്നത്. എന്തായാലും പല ഘടകകക്ഷികളും പിരിഞ്ഞുപോയതിനാല്‍ ഇത്തവണ സീറ്റിന് പഞ്ഞമുണ്ടാവില്ലല്ലോ.
ഇനിയിപ്പോള്‍ സീറ്റിന്റെ കാര്യത്തില്‍ പ്രശ്‌നം വരികയാണെങ്കില്‍ മറ്റൊരു പോം വഴിയും ജോയ് നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. അതാണ് കാമരാജ് മോഡല്‍. നാല് പ്രാവശ്യം മത്സരിച്ച് ജയിച്ചവരെ ഇനിയിും മത്സരിപ്പിയ്ക്കരുതെന്നാണ് ജോയിയുടെ ആവശ്യം. 1960 കളില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാമരാജ് ആയിരുന്നു ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതും നടപ്പിലാക്കിയതും.
എന്തായാലും കാമരാജിന്റെ സിദ്ധാന്തം കോണ്‍ഗ്രസില്‍ ഇനി നടപ്പാകുമോ എന്നൊന്നും ഉറപ്പില്ല. പക്ഷേ, വിഎസ് ജോയിയ്ക്ക് ഇത്തവണ സീറ്റ് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications