പ്രവാസികളുടേയും കുടുംബത്തിന്റെയും വോട്ടുറപ്പിക്കാന്‍ ഇടതുസ്ഥാനാര്‍ഥി ഗള്‍ഫിലേക്ക്
മലപ്പുറം: പ്രവാസികളുടേയും അവരുടെ കുടുംബത്തിന്റേയും വോട്ടുറപ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗള്‍ഫിലേയ്ക്ക്. താനൂരിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനാണു വിദേശത്തേക്ക് പുറപ്പെടുന്നത്.
കടലിനിക്കരെയുള്ള മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയില്‍ ചെങ്കൊടി നാട്ടാന്‍ കടലിനക്കരെയിലും ആസൂത്രണം ചെയ്യുകയാണ് ഇടത് മുന്നണി. ആറു പതിറ്റാണ്ടായി മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച താനൂര്‍ നിയോജകമണ്ഡലം പിടിച്ചെടുക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. മുന്നണിയുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
യുഎഇയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന എട്ടു കണ്‍വെന്‍ഷനുകളില്‍ വി അബ്ദുറഹ്മാന് പങ്കെടുക്കും. വിദേശ മലയാളികളുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ വിദേശത്തേക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താനൂരില്‍ നടപ്പിലാക്കി എന്നു പറയുന്ന വികസന പദ്ധതികള്‍ക്ക് നിലവിലുള്ള എംഎല്‍എയ്ക്ക് യാതൊരു പങ്കുമില്ലെന്നും അവയെല്ലാം കേന്ദ്ര പദ്ധതികളാണെന്നും അബ്ദുറഹ്മാന് പറഞ്ഞു.
തീരമേഖലകളിലെ മത്സ്യതൊഴിലാളി വീടുകളുടെ ഭവന നിര്‍മാണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഫ്ലക്സ് വിരിച്ച വീടുകളാണ് ഇപ്പോഴുമുള്ളത്. ശൗച്യാലയങ്ങളില്ലാത്തവയാണ് അവയൊക്കെയും. ജലസേചനം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ സകല മേഖലകളിലും താനൂര്‍ മണ്ഡലം പിറകിലാണെന്നും അബ്ദുറഹ്മാന് കുറ്റപ്പെടുത്തി. സിറ്റിംഗ് എംഎല്‍എയായ അബ്ദുറഹിമാന് രണ്ടത്താണിയാണ് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി.