കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടിയില്‍ മലയോര കര്‍ഷകര്‍ക്ക് സ്ഥാനാര്‍ഥി; ലീഗില്‍ ബേജാറും ആഹ്ലാദവും!!!

  • By Desk
Google Oneindia Malayalam News

തിരുവമ്പാടി: മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കാത്തതില്‍ മലയോരത്തെ ഒരു വിഭാഗം കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം. പ്രതിഷേധം പ്രതിഫലിപ്പിക്കാന്‍ മലയോര കര്‍ഷക വികസന സമിതി സ്വതന്ത്ര സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കുടിയേറ്റ കര്‍ഷക കുടുംബത്തില്‍നിന്നുള്ള സിബി വയലിലിനെയാണ് സമിതി മത്സരിപ്പിക്കുന്നത്. മണ്ഡലം കുത്തകയാക്കിവച്ചിരിക്കുന്ന മുസ്ലിം ലീഗിന് കനത്ത പ്രഹരം നല്‍കാനാണ് നീക്കം. കോണ്‍ഗ്രസ് ആഭിമുഖ്യമുളള കുടിയേറ്റ കര്‍ഷകരാണ് സിബി വയലിലിന് പിന്തുണയുമായി രംഗത്തുള്ളത്.

മണ്ഡലം കോണ്‍ഗ്രസിനു നല്‍കണമെന്ന് നേരത്തെ താമരശേരി രൂപത യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ഷക വികസന സമിതിയുടെ നീക്കങ്ങള്‍. എന്നാല്‍, തിരുവമ്പാടി തിരിച്ചുനല്‍കണമെങ്കില്‍ ഉറപ്പുള്ള മറ്റൊരു സീറ്റ് കോണ്‍ഗ്രസ് നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതുലഭിക്കാത്ത സാഹചര്യത്തില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് മുന്നോട്ടുപോവുകയായിരുന്നു.

കണക്കുകള്‍ വച്ചുനോക്കിയാല്‍ രൂപത പ്രതിനിധീകരിക്കുന്ന മതവിഭാഗത്തിന് മൂന്നാം സ്ഥാനമേ മണ്ഡലത്തിലുള്ളൂ. അതിനാല്‍, അമിതമായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം. എല്‍ഡിഎഫില്‍നിന്ന് ജോര്‍ജ് എം തോമസാണ് ഇത്തവണയും തിരുവമ്പാടിയില്‍നിന്ന് ജനവിധി തേടുന്നത്. അദ്ദേഹത്തിന് അനുകൂലമായ ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം, സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം വഴി തടയാമെന്നും ലീഗ് കണക്കുകൂട്ടുന്നു.

2011ല്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച ശേഷം പഴയ അത്ര സുരക്ഷിതമല്ല യുഡിഎഫിനെ സംബന്ധിച്ച് തിരുവമ്പാടി. യുഡിഎഫ് കോട്ടകളായ താമരശേരി, ഓമശേരി പഞ്ചായത്തുകള്‍ കൊടുവള്ളിയിലേക്ക് മാറി. കുന്ദമംഗലം മണ്ഡലത്തിലെ മുക്കം തിരുവമ്പാടിയിലെത്തുകയും ചെയ്തു. ഇപ്പോള്‍ താമരശേരി താലൂക്കിലെ കാരശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, പുതുപ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം മുന്‍സിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലം.

മണ്ഡലം രൂപീകരിച്ച 1977 മുതല്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് കുത്തകയായിരുന്നു ഇവിടെ. കോണ്‍ഗ്രസിലെ സിറിയക്ക് ജോണ്‍ 3381 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദ്യ വിജയം നേടിയത്. അഖിലേന്ത്യലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഇടി മുഹമ്മദ് ബഷീറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തുത്.
1980ല്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്ന സിറിയക്ക് ജോണ്‍ (കോണ്‍ഗ്രസ്-യു) മുസ്‌ലീം ലീഗിലെ എന്‍എം ഹുസൈനെ 6570 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം വിജയം കൊയ്തു. 1982ല്‍ കോണ്‍ഗ്രസ്(എ) സ്ഥാനാര്‍ഥിയായിരുന്ന സിറിയക്ക് ജോണ്‍ സിപിഎം സ്വതന്ത്രന്‍ ബേബി ജോണിനെ 3320വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. പിന്നീട് 1987ല്‍ കോണ്‍ഗ്രസിലെ പിപി ജോര്‍ജ് മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി. സിപിഎം നേതാവ് മത്തായി ചാക്കോയെ 15,784 വോട്ടുകള്‍ക്കാണ് പിപി ജോര്‍ജ് പരാജയപ്പെടുത്തിയത്.

എന്നാല്‍, 1991ല്‍ മുസ്ലീം ലീഗ് മണ്ഡലം സ്വന്തമാക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസില്‍ വന്‍പ്രതിഷേധത്തിന് വഴിവച്ചു. 1991ലും 1996ലും ലീഗ് നേതാവായിരു എവി അബ്ദുറഹ്മാന്‍ ഹാജി തെരഞ്ഞെടുക്കപ്പെട്ടു. എന്‍സിപി നേതാവ് പി സിറിയക്ക് ജോണായിരുന്നു എതിരാളി. 2001ല്‍ മുസ്‌ലീം ലീഗിലെ സി മോയിന്‍കുട്ടിയായിരുന്നു മണ്ഡലത്തില്‍നിന്ന് സഭയിലെത്തിയത്. എന്നാല്‍, 2006ല്‍ മത്തായി ചാക്കോയിലൂടെ എല്‍ഡിഎഫ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി. 5479 വോട്ടുകള്‍ക്കാണ് മത്തായി ചാക്കോ മുസ്‌ലിംലീഗിലെ എംസി മായിന്‍ഹാജിയെ പരാജയപ്പെടുത്തിയത്. 2006 ഒക്‌റ്റോബറില്‍ മത്തായിചാക്കോ മരണമടഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജോര്‍ജ് എം തോമസ് 246 വോട്ടുകള്‍ക്കു ജയിച്ച് മണ്ഡലം നിലനിര്‍ത്തി. വിഎം ഉമര്‍ മാസ്റ്ററായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി.

എന്നാല്‍, 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി മോയിന്‍കുട്ടിയിലൂടെ യുഡിഎഫ് വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 3833 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് വലിയ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ 2011ല്‍ അവരുടെ സ്ഥാനാര്‍ഥി ജോസ് കാപ്പുമല നേടിയത് 3889 വോട്ടുകളാണ്.

English summary
Kerala Assembly Election 2016: Malayora Karshaka Samithi Candidate at Thiruvambadi, a crisis for UDF?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X