മമ്മൂക്ക വന്നു, പക്ഷേ ഐസക്കിന് വേണ്ടി വോട്ട് ചോദിച്ചില്ല... എന്താ സംഭവം?
ആലപ്പുഴ: എൽഡിഎഫ് വരും എല്ലാം ശരിയാകും. ഈ പ്രചാരണ മുദ്രാവാക്യത്തിന് ബദലായി ആലപ്പുഴ മണ്ഡലത്തിൽ ഒരു മുദ്രാവാക്യം ഉയർന്നിരുന്നു -മമ്മൂക്ക വരും എല്ലാം ശരിയാകും. പറഞ്ഞതുപോലെ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പ്രചാരണ ഭാഗമായുള്ള ഫെയ്സ് ബുക്ക് ഡയറി പ്രകാശനം ചെയ്യാൻ നടൻ മമ്മൂട്ടി വന്നു.
പക്ഷേ, എല്ലാം ശരിയായോന്ന് മാത്രം ഒരു സംശയം. കാരണം, മമ്മൂട്ടിയുടെ പ്രസംഗത്തിലെവിടെയും രാഷ്ട്രീയം കടന്നു വന്നില്ല. ഐസക്കിനെ വിജയിപ്പിക്കണമെന്നോ പറഞ്ഞില്ല.

പക്ഷേ, തന്നെ കാണാനെത്തിയ ആരാധകരെ മെഗാസ്റ്റാർ നിരാശരാക്കിയില്ല. ചിരിയുടെ അമിട്ടു പൊട്ടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. "പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ട് സംഘാടകർ എന്നെ സുരക്ഷിതമായി വേദിയിലെത്തിച്ചു. പക്ഷേ, പരിപാടി കഴിഞ്ഞ് ഇതുപോലെ തിരിച്ചിറക്കാൻ കഴിയുമോ എന്നാ എന്റെ പേടി."

മമ്മൂട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ കൂട്ട കൈയ്യടി. ഒരു രാഷട്രീയക്കാരനായതുകൊണ്ടാണ് ഐസക്കിന് ഇങ്ങനെയൊക്കെ സാധിക്കുന്നത്. പക്ഷേ, മുടി പെയിന്റടിക്കാതെ നടന്നാൽ ഞാൻ സിനിമയിൽ നിന്ന് തന്നെ പുറത്താകും. ഐസക്കിന്റെ രൂപത്തെക്കുറിച്ചായിരുന്നു മമ്മൂട്ടി വാചാലനായത്.പിന്നെ, ഇരുവരും ഒന്നിച്ചുള്ള കാമ്പസ് കാലവും ഓർത്തെടുത്തു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ നടുക്കവും വേദനയും മമ്മൂട്ടി പങ്കുവെച്ചു.
മമ്മൂട്ടി രാഷ്ടീയം ഒന്നും പറഞ്ഞില്ലെങ്കിലും നേട്ടമുണ്ടാകുമെന്നാണ് എൽഡിഎഫിന്റെ കണക്ക് കൂട്ടൽ. കാരണം ,മുസ്ലീം വിഭാഗം തിങ്ങിപ്പാർക്കുന്ന മണ്ണഞ്ചേരിയിലായിരുന്നു ചടങ്ങ്. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങൾക്കിടയിലെ വോട്ട് ഇടത്തേക്കായിരിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ.












Click it and Unblock the Notifications