ബിജെപിയുമായി വേദി പങ്കിട്ടത് പിണറായി; വിഎസ് തിരുത്തിയില്ലെങ്കില്‍ നിയമനടപടി- ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: ഇടത്-വലത് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് കൂടുതല്‍ രൂക്ഷമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി വേദി പങ്കിട്ട പിണറായി വിജയന്‍ ഇപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആരോപണങ്ങള്‍ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗൂഢാലോചന നടത്തിയെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണോ എന്നും അദ്ദേഹം പിണറായിയെ വെല്ലുവിളിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1977ല്‍ കൂത്തുപറമ്പില്‍നിന്നുള്ള സിപിഎം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയന്‍. കെജി മാരാര്‍ ഉദുമയില്‍നിന്നുള്ള ജനസംഘം സ്ഥാനാര്‍ഥിയും. പിണറായിയും മാരാരും ഒരേ വേദിയില്‍ വന്ന് കോണ്‍ഗ്രസിനെതിരെ വോട്ടുചോദിച്ചു. പക്ഷെ, ഈ സഖ്യം തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1989ല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ താഴെയിറക്കാന്‍ സിപിഎം ബിജെപിക്കൊപ്പം ചേര്‍ന്ന് വിപി സിങിനെ പ്രധാനമന്ത്രിയാക്കി. അന്ന് ഇഎംഎസും വാജ്‌പേയിലും അദ്വാനിയും കൂടിയിരുന്നാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. 2008ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ആണവകരാറിന്റ പേരില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ ബിജെപിക്കെതിരെ മതേതരകക്ഷികള്‍ ഒരുമിച്ചപ്പോള്‍ സിപിഎം വിട്ടുനിന്നു. അത്തരത്തിലൊരു പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവച്ച് ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇടതുപക്ഷ നേതാക്കള്‍ തുടരുകയാണ്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം വിഎസ് നടത്തിയ പ്രസ്താവന. മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ സുപ്രീം കോടതിവരെയായി 136 കേസുകള്‍ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കേസ് എന്നു പറയണമെങ്കില്‍ ചുരുങ്ങിയത് എഫ്‌ഐആര്‍ എങ്കിലും വേണം. അങ്ങനെ എഫ്‌ഐആര്‍ നിലവിലുള്ള ഒരു മന്ത്രി പോലും കേരളത്തിലില്ല. അതിനാല്‍, വിഎസ് അച്യുതാനന്ദന്‍ ഈ ആരോപണം രണ്ടു ദിവസത്തിനകം പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും.

മുഖ്യമന്ത്രി ഉഡായിപ്പു കാണിക്കുകയാണെന്ന വിഎസിന്റെ പരാമര്‍ശത്തോട് ഇങ്ങനെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം- അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ പോഴന്‍ എന്നു വിശേഷിപ്പിച്ചയാളല്ലേ, അത്തരം പ്രതികരണങ്ങള്‍ തന്നില്‍നിന്നു പ്രതീക്ഷിക്കേണ്ട.
? മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കണമെന്ന കാന്തപുരത്തിന്റെ ആഹ്വാനത്തെക്കുറിച്ച്?
അറിയില്ല. അദ്ദേഹത്തോടു ചോദിക്കണം. യുഡിഎഫ് ഒറ്റക്കെട്ടാണ്.
? പാമോലിന്‍ കേസിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന വിഎസിന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തെപ്പറ്റി?
ഇതിന് ഔദ്യോഗിക രേഖകള്‍ മറുപടി പറയും. വിഎസിന് വേണമെങ്കില്‍ രേഖകള്‍ നല്‍കാം. ഇടപാട് കാരണം കേരളത്തിന് നഷ്ടമുണ്ടായി എന്നതല്ല കേസ്. കേരളത്തിന് ഈ ഇടപാടില്‍ 8.42 കോടി രൂപ ലാഭമുണ്ടായിരുന്നു. എന്നാല്‍, 2 കോടി രൂപ കൂടി അധികം ലാഭം ലഭിക്കേണ്ടിയിരുന്നു എന്നാണ് കേസ്. അതിന് ശ്രമിച്ചിരുന്നെങ്കില്‍ ആ ഇടപാട് നടക്കില്ലായിരുന്നു.
? ഇന്‍ഫൊപാര്‍ക്ക് ആക്രിക്കാര്‍ക്കു വിറ്റു, സ്മാര്‍ട്ട്‌സിറ്റി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിറ്റു എന്ന വിഎസിന്റെ ആരോപണം?
സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. വിഎസ് അഞ്ചു വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതിന്റെ സങ്കടംകൊണ്ടു പറയുകയായിരിക്കും.












Click it and Unblock the Notifications