'സുബ്രഹ്മണ്യനെ വേണ്ടേ വേണ്ട...' കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സില്‍ കലാപം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ എപി അനില്‍ കുമാറിന്റെ അനുയായികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
'സുബ്രഹ്മണ്യനെ വേണ്ടേ വേണ്ട..., കൊയിലാണ്ടിക്ക് വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രകടനം.

കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത് അനില്‍കുമാറായിരുന്നു. കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായ കൊയിലാണ്ടിയില്‍ സിപിഎമ്മിലെ കെ ദാസനോട് അനില്‍ കുമാര്‍ തോല്‍ക്കുകയും ചെയ്തു. 4139 വോട്ടിനാണ് ദാസന്‍ മണ്ഡലം പിടിച്ചത്. ഇതെത്തുടര്‍ന്ന് അനില്‍ കുമാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് അനില്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമായി. ഇത്തവണയും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചു നില്‍ക്കുന്നതിനിടെയാണ് ജനശ്രീ ജില്ലാ ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ സുബ്രഹ്മണ്യന്റെ പേര് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.
കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വച്ചുവരുന്ന മണ്ഡലമാണ് കൊയിലാണ്ടി. അനില്‍ ഇപ്പോള്‍ പ്രത്യേകിച്ച് ഗ്രൂപ്പൊന്നുമില്ലാതെ നടക്കുകയാണ്. ഗ്രൂപ്പിലാത്ത കോണ്‍ഗ്രസുകാരൊക്കെ ഇപ്പോള്‍ സുധീരന്‍ ഗ്രൂപ്പാണ്. ഇതോടെ ഐ ഗ്രൂപ്പ് മണ്ഡലത്തിനായി പിടിമുറുക്കുകയായിരുന്നു.












Click it and Unblock the Notifications