വിഎസിന് അധികാരക്കൊതി, നിലപാടുകള്‍ വിഴുങ്ങുന്നു: രമേശ് ചെന്നിത്തല
കോഴിക്കോട്: അധികാരത്തിനുവേണ്ടി വിഎസ് അച്യുതാനന്ദന്‍ പഴയ നിലപാടുകള്‍ വിഴുങ്ങുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മില്‍ വിഭാഗീയത വീണ്ടും ആളിക്കത്തുകയാണെന്നും എല്ലാം മാധ്യമപ്രവര്‍ത്തകരുടെ തലയിലിട്ട് പാര്‍ട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രി താനാവണമെന്ന് ജനം ആഗ്രഹിക്കുന്നതായി അഭിമുഖത്തില്‍ പറഞ്ഞതിന്റെ കുറ്റം ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് വിഎസ് . അധികാരമെന്ന ചിന്ത വിഎസിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നു. അതിനുവേണ്ടി എന്തുമാകാമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടാണ് അച്യുതാനന്ദന്‍ പഴയ നിലപാടുകള്‍ വിഴുങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫില്‍ അഴിമതിയാണെന്നു പറഞ്ഞു നടക്കുന്ന വിഎസ് ഇപ്പോള്‍ ലാവ്‌ലിന്‍ അഴിമതിയെപ്പറ്റി മിണ്ടുന്നില്ല. ഇക്കാര്യത്തില്‍ പഴയ നിലപാടുകളൊക്കെ വിഴുങ്ങി. ടിപി വധക്കേസിലും ഇപ്പോള്‍ പഴയ നിലപാടല്ല. അധികാരത്തിനുവേണ്ടി എല്ലാം ഒത്തുതീര്‍പ്പാക്കി. കൊലപാതകക്കേസിലെ പ്രതികളായ പി ജയരാജനെയും കാരായിമാരെയും സിപിഎം സംരക്ഷിക്കുകയാണ്. വന്‍കിട മദ്യലോബിയ്ക്കു വേണ്ടിയുള്ളതാണ് ഇടതു മുന്നണിയുടെ മദ്യനയം. ഇക്കാര്യത്തില്‍ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തിരുത്താന്‍ പിണറായി വിജയന് ഏതാനും മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. മദ്യലോബിയും സിപിഎമ്മും തമ്മിലുള്ള ബന്ധമാണിത് കാണിക്കുന്നത്. സിപിഎം അധികാരത്തില്‍വന്നാല്‍ കേരളം മദ്യാലയമാകും- ചെന്നിത്തല പറഞ്ഞു.
അധികാരത്തിലിരുന്നപ്പോള്‍ ഒരു വികസനം പോലും എടുത്തുപറയാനില്ലാത്ത സിപിഎമ്മും വികസനംകൊണ്ട് കേരളത്തിന്റെ മുഖഛായ മാറ്റിമറിച്ച യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. യുഡിഎഫ് കംഫര്‍ട്ടബ്‌ളായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications