കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോര്' കാണണമെങ്കില്‍ തൃശ്ശൂരിലേക്ക് പോര് !!!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മികച്ച പോരാട്ടങ്ങളാണ് നടക്കുന്നതെങ്കിലും തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പോരിനൊരു പ്രത്യേകതയുണ്ട്. കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന തേറമ്പില്‍ രാമകൃഷ്ണനെ മാറ്റി നിര്‍ത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. രണ്ട് തവണ സിപിഐയുടെ എംഎല്‍എയായ വിഎസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലം നിലനിര്‍ത്തി കോണ്‍ഗ്രസിന്റെയും ലീഡറുടെയും പാരമ്പര്യം തുടരാന്‍ പത്മജ വേണുഗോപാലുമുണ്ട്. അഡ്വ ബിഗോപാലകൃഷ്ണനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.

Thrissur Map

പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ജയം പ്രവചിക്കുന്നത് അസാധ്യം. വെയില്‍ തിളച്ച് മറിയുമ്പോഴും പ്രചാരണത്തിന്റെ ചൂട് കുറയ്ക്കാന്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തയ്യാറായില്ല. മെല്ലെ തുടങ്ങി ഒടുക്കം ആവേശത്തിന്റെ അങ്ങേത്തലയ്ക്കല്‍ പ്രചാരണം എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതാക്കള്‍. കോണ്‍ഗ്രസ് നായിക സോണിയ ഗാന്ധിയും എന്‍ഡിഎയുടെ നായകന്‍ അമിത്ഷായും സിപിഎമ്മിന്റെ സീതാറാം യെച്ചൂരിയുമെല്ലാം ജില്ലയിലെ സ്ഥാനാര്‍ഥികളെ അനുഗ്രഹിക്കാന്‍ എത്തിയത് സാംസ്‌കാരിക നഗരത്തിലേക്കാണ്. ഇനി വോട്ടര്‍മാരാണ് നിശ്ചയിക്കേണ്ടത്.

Padmaja Venugopal

യുഡിഎഫിനെ എതിര്‍പ്പോടെയാണ് തുടക്കത്തില്‍ മണ്ഡലത്തിലെ കത്തോലിക്ക വിഭാഗം കണ്ടിരുന്നത്. തുടക്കത്തിലേ ഈ കറ മാറ്റാന്‍ കോണ്‍ഗ്രസിനായി. കത്തോലിക്കരുടെ പിന്തുണയും നേടി. സവര്‍ണ്ണ സമുദായങ്ങളിലുള്ളവരാണ് മറ്റൊരു വിഭാഗം. ഇവരെയും ഒപ്പം നിര്‍ത്താന്‍ പത്മജയ്ക്കായി. തൃശ്ശൂര്‍ പൂരം തടസ്സപ്പെടുമെന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി തടസ്സങ്ങളെല്ലാം നീക്കി. ഇത് വോട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ വിശ്വാസം.

തുടക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പത്മജയോട് ഇടഞ്ഞ് നിന്നെങ്കിലും പിന്നീട് അനുകൂല നിലപാടിലേക്കെത്തി. ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടായപ്പോഴും ജില്ലയില്‍ യുഡിഎഫിന് ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണ് തൃശ്ശൂര്‍. യുഡിഎഫ് നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും ഈ ഘടകമാണ്. ലീഡര്‍ കെ കരുണാകരന്‍രെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസന നേട്ടങ്ങളാണ് പ്രധാന പ്രചാരണായുധം.

VS Sunil Kumar

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ തൃശ്ശൂരിലെ വോട്ടര്‍മാര്‍ക്ക് അപരിചിതനല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സാംസ്‌കാരിക പരിപാടികള്‍ക്കും എപ്പോഴും മുന്നിലുണ്ടാകുന്നതാണ് സുനില്‍കുമാറിന്റെ നേട്ടം. കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് തൃശ്ശൂരിലേക്ക് സുനില്‍കുമാറിനെ പറിച്ച് നട്ടതിന്റെ പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല. തൃശ്ശൂര്‍ മണ്ഡലം എങ്ങനെയും തിരിച്ച് പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. തൃശ്ശൂരിലെ സുഹൃത്തുക്കളെയും പരിചയക്കാരെയും പ്രമുഖ വ്യക്തികളെയും നേരില്‍ചെന്ന് കണ്ട് ആശിര്‍വാദം വാങ്ങിയായിരുന്നു തുടക്കം. ഇത് പിഴക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതാക്കള്‍. ജയിക്കാന്‍ വേണ്ടി വണ്‍മാന്‍ ഷോ കളിക്കാനും നന്നായി അറിയാം. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഇടയിലേക്ക് ഇറങ്ങുമ്പോള്‍ ഒട്ടും അപരിചിതത്വവുമില്ല.

Gopalakrishnan

അഡ്വ ബി ഗോപാലകൃഷ്ണന്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്നും തൃശ്ശൂരിന്റെ മനസ് എങ്ങോട്ടാണ് ചായുന്നതെന്നും കൃത്യമായി വിലയിരുത്താന്‍ എന്‍ഡിഎയ്ക്ക് കഴിയും. സാംസ്‌കാരിക രംഗത്തെ അടുപ്പങ്ങളും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗോപാലകൃഷ്ണന്‍. ലോകസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് മുന്നണികളും നാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രധാന ആരോപണം.

ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി പോര്‍മുഖങ്ങള്‍ സജീവമായി നില്‍ക്കുകയാണ്. ബൂത്ത് തലത്തിലുള്ള കണക്കെടുപ്പുകളും മുന്നണി നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. തൃശ്ശൂരില്‍ നിന്ന് ആരെന്ന ചോദ്യത്തിന് ഉത്തരം മാത്രം ബാക്കി.

English summary
Assembly Election 2016: What will be the decision of Thrissur Voters?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X