തിരഞ്ഞെടുപ്പടുത്തു... ഇടുക്കിയിലും പണം പിടിച്ചു, 65 ലക്ഷം
തൊടുപുഴ: അനധികൃതമായി വാഹനത്തില്‍ കൊണ്ടുപോയ 65 ലക്ഷം രൂപ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് കൈലാസപ്പാറയില്‍ വെച്ചാണ് വാഹന പരിശോധനക്കിടയില്‍ മാരുതി അള്‍ട്ടോ കാറില്‍ കൊണ്ടുപോയ 54 ലക്ഷം പിടിച്ചെടുത്തത്. ചെറുതോണിയില്‍ ഇലക്ഷന്‍ സ്‌ക്വാഡ് 11 ലക്ഷത്തോളം രൂപയും പിടികൂടി.
നെടുങ്കണ്ടത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കൈലാസപ്പാറയില്‍ പിടികൂടിയ കാറില്‍ ഉണ്ടായിരുന്നത്. കസ്റ്റമേഴ്‌സിന് കൊടുക്കാനായി ബാങ്കില്‍ നിന്നും എടുത്തു കൊണ്ടുവന്ന പണമാണെന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞെങ്കിലും യാതൊരു രേഖയുമില്ലാഞ്ഞതിനാല്‍ സ്‌ക്വാഡ് അധികൃതര്‍ പണം പിടിച്ചെടുത്ത് താല്‍ക്കാലികമായി നെടുങ്കണ്ടം ട്രഷറിയില്‍ അടച്ചു. ഇന്‍കം ടാക്‌സ് അധികൃതരെ വിവരം അറിയിച്ചു. അവര്‍ വ്യാഴാഴ്ച പരിശോധന നടത്തും.

സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും അഡീഷണല്‍ തഹസീല്‍ദാറുമായ ടി.വി.സന്തോഷ്,ശാന്തന്‍പാറ എസ്.ഐ. രാജഗോപാലന്‍,സി.പി.ഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്.
മാര്‍ച്ച് നാലിന് വൈകീട്ട് ചെറുതോണി വെള്ളാപ്പാറ ഭാഗത്ത് പരിശോധനയിലാണ് 11 ലക്ഷം രൂപ പിടിച്ചത്. എറണാകുളത്തു നിന്ന് വന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ സീറ്റിനു സമീപം ചാക്കില്‍ സൂക്ഷിച്ചിരുന്ന പണമാണ് സ്‌ക്വാഡ് പിടി കൂടിയത്. പിക്കപ്പ് ഡ്രൈവര്‍ കമ്പം മെട്ട് അച്ചക്കട തുണ്ടു പാലയില്‍ സെബാസ്റ്റ്യന്റെ മകന്‍ നിബിന്‍ (22) ആണ് വണ്ടി ഓടിച്ചിരുന്നത്. മതിയായ രേഖകളില്ലാത്ത പണമാണ് ഇതെന്ന് പോലീസ് പറയുന്നു.
എന്നാല്‍ നെടുങ്കണ്ടത്തു നിന്ന് കുരുമുളക് എറണാകുളത്ത് വില്‍പ്പന നടത്തിയതിന്റെ പണമാണെന്നാണ് നിബിന്‍ പറയുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയില്‍ അടച്ച ഉദ്യോഗസ്ഥര്‍ എറണാകുളത്ത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ എത്തിയാല്‍ മാത്രമേ തുടര്‍ടപടികള്‍ ആരംഭിക്കുകയുള്ളൂ. ഇലക്ഷന്‍ സ്‌ക്വാഡ് ഇടുക്കി അഡീഷണല്‍ തഹസില്‍ദാര്‍ ജോയി ജോസഫ്, ഇടുക്കി എസ് .ഐ ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications