കോണ്‍ഗ്രസിലെ അടുത്ത 'ക്വിസ് മാസ്റ്റര്‍' വിഎം സുധീരന്‍... ഇതാ 11 ചോദ്യങ്ങള്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം നേതാക്കളോട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളാണ്. വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ മറുപടി കൊടുക്കുന്നുണ്ടെങ്കിലും മറു ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കുന്നതേയില്ല.
ആദ്യം ചോദ്യങ്ങളുമായി എത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. വിഎസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് കണക്കിന് കിട്ടിയതോടെ ഉമ്മന്‍ ചാണ്ടി മറുപടിയൊന്നും പറയാതെ പതിവ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതിന് ശേഷം പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചോദ്യം ചോദിച്ചാല്‍ പിന്നെ വിഎം സുധീരന് വെറുതേയിരിക്കാന്‍ പറ്റുമോ? ഇതാ സുധീരന്റെ വക ഫേസ്ബുക്കിലൂടെ 11 ചോദ്യങ്ങള്‍.... ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് സിപിഎം ആക്ഷേപങ്ങളുന്നയിക്കുന്പോഴാണ് കേട്ടോ സുധീരന്‍റെ രോഷം തിളയ്ക്കുന്നത്.

ജനസംഘം
ബിജെപിയുടെ പൂര്‍വ്വ സംഘടനയായ ഭാരതീയ ജനസംഘം ഉള്‍പ്പെട്ട ജനതാപര്‍ട്ടിയുമായി സിപിഎം 1977 ല്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കി. അത് നിഷേധിക്കുമോ?

വോട്ട് പിടിച്ചില്ലേ?
അന്ന് ഉദുമ നിയോജക മണണ്ഡലത്തില്‍ ജനസംഘം നേതാവ് കെ.ജി മാരാര്‍ക്ക് വേണ്ടി സി.പിഎം നേതാക്കാള്‍ വോട്ട് പിടിച്ചു. അത് ശരിയല്ലേ?

പിണറായിക്ക് വേണ്ടി ജനസംഘം
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ അന്ന് സഖാവ് പിണറായി വിജയന് വേണ്ടി ജനസംഘം നേതാക്കള്‍ വോട്ട് പിടിച്ചത് നിഷേധിക്കുമോ?.

കേന്ദ്രത്തില്‍
ജനസംഘം കൂടി ഉള്‍പ്പെട്ട അന്നത്തെ ജനതാപാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കിയത് യാഥാര്‍ത്ഥ്യമല്ലേ?. അത് നിഷേധിക്കുമോ?.

വിപി സിങ്
വിപി സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയതും ആ മന്ത്രിസഭയെ നിലനിര്‍ത്താന്‍ പരിശ്രമിച്ചതും ബിജെപിയും സിപിഎമ്മും ചേര്‍ന്നു കൊണ്ടല്ലേ?.

അത്താഴ വിരുന്നുകള്‍
അക്കാലത്ത് വിപി സിങ് നടത്തിയ അത്താഴ വിരുന്നുകളില്‍ ബിജെപി-സിപിഎം നേതാക്കള്‍ ഒന്നിച്ച് പങ്കെടുത്തത് നിഷേധിക്കുമോ?

രാജ്യസഭയില്‍
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ലോക്‌സഭ പാസാക്കിയ പഞ്ചായത്തീരാജ് നഗരപാലികാ ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയുടെ പരിഗണനയക്ക് വന്നപ്പോള്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ച് വോട്ട് ചെയ്ത് അതിനെ പരാജയപ്പെടുത്തിയില്ലേ?

ആണവ കരാര്‍
ഒന്നാം യുപിഎ സര്‍ക്കാരിനെ ആണവ കരാറിന്റെ പേരില്‍ താഴെയിറക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ബിജെപിയും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് വോട്ട് ചെയ്ത് പരിശ്രമിച്ചത് നിഷേധിക്കാനാവുമോ?

ബിഹാര്‍ തിരഞ്ഞെടുപ്പില്‍
അടുത്ത് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മതേതര മഹാസഖ്യത്തിന് എതിരെ കുറുമുന്നണി ഉണ്ടാക്കി മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബിജെപിയെ സിപിഎം സഹായിച്ചില്ലെ?

ബിജെപിയ്ക്ക് സീറ്റ് കിട്ടാന്‍
ചുരുങ്ങിയത് പത്ത് സീറ്റുകളെങ്കിലും ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടിയത് സിപിഎമ്മിന്റെ ആ നിലപാടിന്റെ ഫലമല്ലേ?.

എന്തുകൊണ്ട് മൗനം
ബിജെപി എംപി കീര്‍ത്തി ആസാദ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ലോക്‌സഭ ചര്‍ച്ച ചെയ്തപ്പോള്‍ എന്തുകൊണ്ട് സിപിഎം മൗനം പാലിച്ചു? ബിജെപിയോടുള്ള മൃദുസമീപനത്തിന്റെ ഭാഗമല്ലേയിത്?












Click it and Unblock the Notifications