ഉമ്മന്‍ ചാണ്ടിയുടെ അഴിമതിയ്ക്കുള്ള മരുന്ന് 'അഴി' മതി... വിഎസിന്റെ തകര്‍പ്പന്‍ പോസ്റ്റ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ഫേസ്ബുക്ക് പോരിന് ഇതുവരെ ഒരു അവസാനം ഉണ്ടായിട്ടില്ല. വിഎസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിയ്ക്കും ഉമ്മന്‍ ചാണ്ടി മറ്റെന്തെങ്കിലും മറുപടി പറഞ്ഞുകൊണ്ടേ തുടരും.
തനിയ്‌ക്കെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ വിഎസിനെ ജനം കൈകാര്യം ചെയ്‌തോളും എന്നാണ് ഒടുവില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ അത് കേട്ട് വെറുതേയിരിക്കാന്‍ വിഎസ് തയ്യാറാകുമോ... അതാ വരുന്നു തകര്‍പ്പന്‍ മറുപടി, ഫേസ്ബുക്കിലൂടെ!!!
ഉമ്മന്‍ ചാണ്ടീ, താങ്കളുടെ അഴിമതിയ്ക്ക് മരുന്ന് 'അഴി' മതി! എന്നാണ് വിഎസ് പറഞ്ഞ് നിര്‍ത്തുന്നത്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള കേസുകള്‍ അക്കമിട്ട് നിരത്തി വിഎസ് ഫേസ്ബുക്ക് വിചാരണ നടത്തുന്നു....

പറഞ്ഞതില്‍ ഉറച്ച്
ഉമ്മന്‍ ചാണ്ടിയെക്കെതിരെ 31 അഴിമതി കേസുകളുണ്ട് എന്ന് പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നാണ് വിഎസ് വ്യക്തമാക്കുന്നത്. സംഗതി ഇപ്പോള്‍ കോടതിയുടെ മുന്നിലാണ്. അതുകൊണ്ട് വിശദാംശങ്ങള്‍ കോടതിയെ തന്നെ ബോധിപ്പിയ്ക്കും.

കേസും എഫ്‌ഐആറും
കേസിന്റെ കാര്യം പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടി എഫ്‌ഐആറിന്റെ കാര്യമാണ് പറയുന്നത്. തനിയ്‌ക്കെതിരെ ഏതെങ്കിലും എഫ്‌ഐആര്‍ ഉണ്ടോ എന്നാണ് ചോദ്യം. ഇത് ഉമ്മന്‍ ചാണ്ടിയുടെ സ്ഥിരം കലാപരിപാടിയാണെന്നും വിഎസ് പരിഹസിയ്ക്കുന്നു.

എന്തുകൊണ്ട് എഫ്ഐആര്‍ ഇല്ല
ആരാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്? ഉമ്മന്‍ ചാണ്ടിയുടെ കീഴിലുള്ള ആജ്ഞാനുവര്‍ത്തികളായ പോലീസുകാരും വിടുപണി ചെയ്യുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും. അവരെല്ലാം താങ്കളുടെ മുന്നില്‍ നട്ടെല്ല് പണയം വച്ചിരിയ്ക്കുകയാണെന്ന് കേരള ജനതയ്ക്കറിയാം എന്ന് വിഎസ് പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന്റെ കാരണവും ഇതോടെ വ്യക്തം എന്നാണ് വിഎസിന്റെ പക്ഷം.

ടൈറ്റാനിയം കേസ്
2014 ആഗസ്റ്റ് മാസത്തില്‍ ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പിന്നീട് ഹൈക്കോടതി അത് സ്‌റ്റേ ചെയ്‌തെങ്കിലും 2016 ജനുവരിയില്‍ ഹൈക്കോടതി ആ സ്‌റ്റേ നീക്കിയെങ്കിലും എന്തുകൊണ്ടാണ് ഇപ്പോഴും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത് എന്നാണ് ചോദ്യം.

കേസുകളനധവധി
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രണ്ട് കേസുകളില്‍ എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിട്ടില്ലേ, മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഒരു കേസില്‍ കടത്ത പരാമര്‍ശം വന്നില്ലേ, പാറ്റൂര്‍ ഫ്‌ലാറ്റ് കേസില്‍ താങ്കളെ ഒന്നാം പ്രതിയാക്കി താന്‍ വിജിലന്‍സ് കോടതിയില്‍ കേസ് കൊടുത്തില്ലേ... വിഎസ് ചോദിയ്ക്കുകയാണ്.

ബാംഗ്ലൂര്‍ കോടതിയില്‍
ബാംഗ്ലൂര്‍ കോടതിയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കുരുവിള നല്‍കിയ കേസിനെ കുറിച്ചും വിഎസ് ഓര്‍മിപ്പിച്ചു. രണ്ട് തവണ സമണ്‍സ് അയച്ചിട്ടും ഉമ്മന്‍ ചാണ്ടി ഹാജരായില്ലെന്ന് പരിഹാസവും.

സമസ്താപരാധവും പറഞ്ഞ്
പത്രിക സമര്‍പ്പിയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പല്ലേ ബാംഗ്ലൂര്‍ കോടതിയിലെ കേസില്‍ താങ്കളുടെ വക്കീല്‍ സമസ്താപരാധവും ഏറ്റ് പറഞ്ഞ് കോടതിയില്‍ ഹാജരായില്ലേ എന്നും പരിഹാസം.

കണ്‍സ്യൂമര്‍ കോടതിയിലെ കേസ്
എറണാകുളം കണ്‍സ്യൂമര്‍ കോടതിയിലെ കേസ് നമ്പര്‍ പറഞ്ഞാണ് അടുത്ത ആക്രമണം. ആ കേസില്‍ ഉമ്മന്‍ ചാണ്ടി രണ്ടാം പ്രതിയാണെന്നും വിഎസ് പറയുന്നു.

ലോകായുക്തയെ വിരട്ടി
ലോകായുക്തയുടെ വെബ്‌സൈറ്റില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടാളികള്‍ക്കും എതിരെ 47 കേസുകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ഒരു പ്രമുഖന്‍ ലോകായുക്തയെ വിരട്ടി. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കേസുകളൊന്നും ഇല്ലെന്ന് ലോകായുക്ത പറഞ്ഞത്- വിഎസ് ആരോപിയ്ക്കുന്നു.

മരുന്ന് 'അഴി'
ഇതെല്ലാം വിളിച്ച് പറയണം എന്ന് താന്‍ ആഗ്രഹിച്ചതല്ല എന്നാണ് വിഎസ് പറയുന്നത്. പക്ഷേ ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിയ്ക്കുമ്പോള്‍ സത്യം ബോധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്ന് വിഎസ് പറയുന്നു. ഉമ്മന്‍ ചാണ്ടീ... താങ്കളുടെ അഴിമതിയ്ക്ക മരുന്ന് 'അഴി' മതി- എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.
വിഎസിന്‍റെ പോസ്റ്റ്
ഇതാണ് വിഎസ് അച്യുതാന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications