ഉമ്മന്‍ ചാണ്ടിക്കെതിരെ ചെന്നിത്തല നല്‍കിയ കത്തിലെ ഒപ്പ് ആരുടേത്... ചോദ്യം വിഎസ് വക
തൊടുപുഴ: ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ കത്ത് തന്റേതല്ലെന്ന് പറയുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ കത്തിലെ ഒപ്പ് ആരുടേതാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ചെന്നിത്തലയുടെ കീഴില്‍ നിരവധി സംവിധാനങ്ങളുണ്ട്. അതുപയോഗിച്ച അന്വേഷണം നടത്താന്‍ ചെന്നിത്തല തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. തൊടുപുഴയില്‍ എല്‍ഡിഎഫ് പ്രചാരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

ഹെലിക്കോപ്ടര്‍ വാങ്ങിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ സോണിയാ ഗാന്ധി അഴിമതി നടത്തിയതായി ചര്‍ച്ച വന്നു. ഇക്കാര്യത്തില്‍ വസ്തുതയറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് രാജി വയ്‌ക്കേണ്ടി വന്നത് ചരിത്രമാണെന്നും വിഎസ് ഓര്‍മിപ്പിച്ചു.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അടിമുടി അഴിമതിയാണ്. വിലക്കയറ്റമടക്കം ജനദ്രോഹകരമായ നിരവധി നടപടികളുണ്ടാവുന്നു. സ്വന്തക്കാര്‍ക്ക് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കുകയാണ്. അവശ്യവസ്തുക്കളുടെ വില ആകാശം മുട്ടെയാണ് ഉയരുന്നത്. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വില പിടിച്ചുനിര്‍ത്താന്‍ ആന്ധ്രയില്‍നിന്നും ബംഗാളില്‍നിന്നുമൊക്കെ നിത്യോപയോഗസാധനങ്ങള്‍ കൊണ്ടുവന്ന് പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്തു. അന്ന് അരിക്ക് 14 രൂപയായിരുന്നു. ഇന്ന് 42 രൂപയായി. ജനങ്ങുടെ ഇപ്പോഴത്തെ അടിയന്തര ഉത്തരവാദിത്തം ഈ ഭരണം അവസാനിപ്പിക്കുക എന്നതാണ്- വിഎസ് പറഞ്ഞു.
മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന പാരമ്പര്യമാണ് ആര്‍എസ്എസിന്റേത്. അവരുടെ പ്രധാന ശത്രുശക്തികള്‍ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരുമാണ്. ഇന്ത്യന്‍ ജനാധിപത്യത്തേയും മതേരത്വത്തേയും തകര്‍ത്ത് അധികാരത്തില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്നാണ് മോദി ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു.
കൊടും ചൂടിലും വി.എസിനെ വരവേല്‍ക്കാന്‍ തൊടുപുഴയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നഗരഹൃദയത്തിലെ മുനിസിപ്പല്‍ മൈതാനത്തെ പൊളളുന്ന വെയില്‍ വകവെക്കാതെ സ്ത്രീകളടക്കം നൂറുക്കണക്കിന് പേര്‍ രാവിലെ മുതല്‍ വിഎസിനെ കാത്തുനിന്നിരുന്നു. വിഎസ് സമ്മേളന സ്ഥലത്തെത്തിയതോടെ ജനക്കൂട്ടം ഇരമ്പിയാര്‍ത്തു. പിന്നെ കൈകൂപ്പി വിഎസിന്റെ അഭിവാദ്യം. തുടര്‍ന്ന് സ്വാതന്ത്ര്യ സമരചരിത്രവും ദേശീയ രാഷ്ട്രീയവും സംസ്ഥാനത്തെ അഴിമതി ഭരണവും വിശദമാക്കുന്ന പ്രസംഗം.
വിഎസിനെ വേദിയില്‍ സ്ഥാനാര്‍ഥി അഡ്വ റോയി വാരികാട്ടും എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വിവി മത്തായിയും ഷാള്‍ അണിയിച്ച് വരവേറ്റു. എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ. സലിംകുമാര്‍ അധ്യക്ഷനായി. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ വിഎസിന്റെ കടുത്ത വിമര്‍ശകനായി മാറിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എംഎം മണി മല്‍സരിക്കുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിലെ തൂക്കുപാലത്തും വിഎസ് പ്രസംഗിച്ചു.












Click it and Unblock the Notifications