സുധാകരന് ഇത്രയ്ക്ക് ക്ഷമയില്ലേ? വി എസിന്റെ പഴയ പടമെടുത്ത് 'പണി' തുടങ്ങി
അമ്പലപ്പുഴ: അന്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരനോട് വിഎസ് അച്യുതാനന്ദന് പിണക്കമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്തായാലും പിണക്കമൊക്കെ മാറ്റി വെച്ച് ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദൻ വ്യക്തമാക്കിയിട്ട് അധിക ദിവസമായില്ല.
ഈ മാസം 30 ന് എത്താമെന്നാണ് വിഎസ് പറഞ്ഞിരിക്കുന്നത്. പക്ഷേ, സുധാകരനും അണികൾക്കുമൊന്നും അത്രയും നാൾ കാത്തു നിൽക്കാൻ വയ്യ. അല്ലെങ്കിൽ പിന്നെ വിഎസ് എത്തും മുമ്പ് സുധാകരൻ വിഎസിനെ സ്വീകരിക്കുന്ന ചിത്രം എങ്ങനെ വരും?

വിഎസിന്റെ പേരില്‍ വോട്ടു പിടിക്കാൻ ഒരു പഴയ പടം പൊടി തട്ടിയെടുത്ത് ഫോട്ടോഷോപ്പ് വിദ്യകളൊക്കെ കാട്ടിയാണ് പ്രചാരണത്തിന് തുടക്കമിട്ടിട്ടുള്ളതെന്നാണ് ആക്ഷേപം. വിഎസും സുധാകരനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് കാണിക്കാൻ കൂടിയാണത്രേ ഒരു മുഴം മുമ്പേയുള്ള ഈ പ്രചാരണം.
സുധാകരന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിലെ പരിപാടി വിഎസ് ബഹിഷ്കരിച്ചിരുന്നു. വിഎസിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ കള്ളുകുടിയന്മാരാണെന്ന് ഒരിക്കൽ സുധാകരൻ പറഞ്ഞിരുന്നു. ഇതിലുള്ള നീരസമായിരുന്നത്രേ ബഹിഷ്കരണത്തിന് പിന്നിൽ. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിഎസ് വരാമെന്ന് സമ്മതിച്ചതെന്നാണ് ഇപ്പോഴുള്ള ആരോപണം. ഇതിനെ മറികടക്കാൻ കൂടിയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചാരണത്തിന് ഇറക്കിയിട്ടുള്ളത്.
പുന്നപ്ര-വയലാർ രക്ത സാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി സുധാകരൻ തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.












Click it and Unblock the Notifications