തിരുവനന്തപുരം വളഞ്ഞിട്ട് പിടിയ്ക്കാന്‍ ബിജെപി... ലക്ഷ്യം വിജയം മാത്രം
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളാണ് വടക്കന്‍ കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. പാലക്കാടും കോഴിക്കോട് നോര്‍ത്തും നേരിയ പ്രതീക്ഷ നിലനിര്‍ത്തുന്ന മണ്ഡലങ്ങള്‍ തന്നെ.
എന്നാല്‍ ഇത്തവണ ബിജെപി ഏറ്റവും ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തെത്തുക തിരുവനന്തപുരം ജില്ലയില്‍ ആയിരിക്കും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചതും തിരുവനന്തപുരത്ത് തന്നെ.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കം നാല് പ്രമുഖരാണ് തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വേണ്ടി ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വച്ചല്ല ഇനി തിരുവനന്തപുരത്തെ ബിജെപിയെ വിലയിരുത്തേണ്ടതെന്ന് ഇടതുവലതു മുന്നണികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിയ്ക്കുന്നു.

ബിജെപിയുടെ അക്കൗണ്ട്
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അത് തിരുവനന്തപുരത്തായിരിയ്ക്കും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയ്ക്ക് വിജയം നഷ്ടപ്പെട്ടത് തിരുവനന്തപുരത്ത് തന്നെയാണ്.

രാജഗോപാല്‍ ഇത്തവണയും
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ മികച്ച നിലയില്‍ എത്തിച്ച ഒ രാജഗോപാല്‍ ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാകും രാജഗോപാല്‍ മത്സരിയ്ക്കുക?

നേമത്ത് വീണ്ടും
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആണ് നേമം. വി ശിവന്‍കുട്ടിയാണ് നിലവിലെ എംഎല്‍എ. കഴിഞ്ഞ തവണ ഒ രാജഗോപാലിനെ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നിയമസഭയില്‍ എത്തിയത്. ഇത്തവണ ഒ രാജഗോപാല്‍ വീണ്ടും നേമത്ത് മത്സരിയ്ക്കുമോ?

രണ്ടാം സ്ഥാനം
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി ഞെട്ടിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെ ആയിരുന്നു. 43,661 വോട്ടുകളാണ് രാജഗോപാല്‍ നേടിയത്.

യുഡിഎഫ് എവിടെ
സോഷ്യലിസ്റ്റ് ജനതയുടെ ചാരുപാറ രവി ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് കിട്ടിയത് വെറും 20,248 വോട്ടുകള്‍ മാത്രമായിരുന്നു. ഇത്തവണ ഒ രാജഗോപാല്‍ നേമം പിടിയ്ക്കുമോ?

കുമ്മനം ഇറങ്ങുന്നു
പണ്ട് ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പരിചയം ഉണ്ട് ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അന്ന് ഏവരേയും ഞെട്ടിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു കുമ്മനം.

വട്ടിയൂര്‍ക്കാവില്‍
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായിരിക്കും കുമ്മനം രാജശേഖരന്‍ മത്സരിയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അത്ര പ്രതീക്ഷ നല്‍കുന്ന പ്രകടനം ആയിരുന്നില്ല ഇവിടെ. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്.

മുന്‍ പ്രസിഡന്റും
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വി മുരളീരനും ഇത്തവണ കളത്തിലറങ്ങുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തിലായിരിക്കും മുരളീധരന്‍ മത്സരിയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുരളീധരന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.

സുരേന്ദ്രന്‍ മഞ്ചേശ്വരം വിട്ടു
കെ സുരേന്ദ്രന്‍ ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തിലല്ല മത്സരിയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലായിരിയ്ക്കും സുരേന്ദ്രന്‍ മത്സരിയ്ക്കുക. നിലവില്‍ വിഎസ് ശിവകുമാര്‍ ആണ് ഇവിടത്തെ എംഎല്‍എ.

സ്വാധീനം
തിരുവനന്തപുരം സെന്‍ട്രല്‍ ബിജെപിയ്ക്കും ഹൈന്ദവ സംഘടനകള്‍ക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ ഇവിടെ ഫലം മാറിമറിയുമെന്നാണ് കരുതുന്നത്.

കോര്‍പ്പറേഷന്‍
ലോക്‌സഭ തിരഞ്ഞെടുപ്പ്, അരുവിക്കര ഉപതിരഞ്ഞെടുപ്പ്, ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പ്.... ബിജെപിയ്ക്ക് തിരുവനന്തപുരത്ത് വലിയ പ്രതീക്ഷ നല്‍കുന്നത് ഇതെല്ലാം ആണ്. വന്‍ മുന്നേറ്റങ്ങളാണ് ഈ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്വന്തമാക്കിയത്.












Click it and Unblock the Notifications