നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം
വിവാദങ്ങൾക്കിടെ ഇന്ന് നിയമസഭ സമ്മേളനം തുടങ്ങും. പതിനഞ്ചാം നിയമസഭയുടെ 12ാം സമ്മേളനമാണ് ഇന്ന് നടക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ച് ഇന്ന് സഭ പിരിയും. നിലമ്പൂർ എം എൽ എ പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾക്കിടെയാണ് ഇന്ന് സഭ ചേരുന്നത്. വിഷയം ശക്തമായി സഭയിൽ ഉയർത്താൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. തൃശൂർ പൂരം അലങ്കോലമാക്കിയതുൾപ്പെടെയുള്ള വിവാദ വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കും.
തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഇതുവരെ സർക്കാർ നിലപാടെടുത്തിട്ടില്ല. പൂരം അലങ്കോലമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മതിച്ചത്. എ ഡി ജി പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലാത്ത സാഹചര്യത്തിൽ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭയോഗം പ്രത്യേക അന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

പൂരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനേയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും മന്ത്രിസഭ യോഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൂര വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇന്ന് സഭയിലും പ്രതിപക്ഷം ഈ ആവശ്യം ഉയർത്തും.
പിവി അൻവർ എം എൽ എ ഉയർത്തിയ സ്വർണക്കടത്തിലെ പോലീസ് പങ്കിനെക്കുറിച്ചും പ്രതിപക്ഷം ചോദ്യം ഉയർത്തും. മാത്രമല്ല ദി ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ ഏജൻസി വിവാദത്തെ ചൊല്ലിയും സഭ പ്രക്ഷുബ്ധമാകും. ഇന്നലെ വിളിച്ച വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
അതേസമയം എൽ ഡി എഫ് വിട്ട പി വി അൻവർ എം എൽ എ ഇന്ന് സഭയിൽ പ്രതിപക്ഷ നിരയിലായിരിക്കും ഇരിക്കുക. അൻവറിന്റെ സീറ്റ് മാറ്റം ആവശ്യപ്പെട്ട് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായിരിക്കും അൻവറിന്റെ സീറ്റ്.












Click it and Unblock the Notifications