നാടിന്റെ വികസനം മനുഷ്യവിഭവത്തെ ആസ്പദമാക്കിയാകണമെന്ന് നിമയസഭാ സ്പീക്കര്‍
മലപ്പുറം: നാടിന്റെ വികസനം മനുഷ്യവിഭവത്തെ ആസ്പദമാക്കിയാകണമെന്ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ പറഞ്ഞു. ഇമ്പിച്ചിബാവ ജന്മശതാബ്ദിയുടെ ഭാഗമായി സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രാദേശിക വികസനം പ്രായോഗിക സമീപനം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവത്തെ ഉപയോഗപ്പെടുത്തിയുള്ള വികസന പദ്ധതികള്‍ക്കായി സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കാനാകണം. സമഗ്ര വികസനമെന്നത് എല്ലാ മേഖലകളേയും ഉള്‍കൊള്ളുന്നതാകണം. പ്രാദേശിക സംസ്‌ക്കാരത്തെ ലക്ഷ്യമാക്കിയുള്ള പശ്ചാത്തല വികസനമാണ് നടക്കേണ്ടത്. ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കാനാകണം.
നാടിനാവശ്യമുള്ള വികസനത്തിനു മാത്രമെ പ്രായോഗികതയെ ഉള്‍കൊള്ളാനാകൂവെന്ന് സ്പീക്കര്‍ പറഞ്ഞു. വികസനത്തില്‍ രാഷ്ര്ടീയമില്ല എന്ന വാദത്തിനു പിന്നില്‍ രാഷ്ര്ടീയമുണ്ടെന്ന് സെമിനാറില്‍ സിപിഐ നേതാവ് കെഇ ഇസ്മായില്‍ പറഞ്ഞു. ജനങ്ങളുടെ മൗലിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വികസനത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. വികസനം ആര്‍ക്കു വേണ്ടിയെന്നതാണ് പ്രധാന കാര്യം.

സമൂഹത്തിലെ ഉന്നതര്‍ക്കു വേണ്ടിയുള്ള വികസനം കൊണ്ട് യാതൊരു പ്രയോജനവുമില്ല. അടിത്തട്ടിലുള്ളവര്‍ക്ക് ഗുണമുണ്ടാകുന്ന വികസനം കൊണ്ടു മാത്രമെ കാര്യമുള്ളൂവെന്ന് ഇസ്മായില്‍ പറഞ്ഞു. പ്രൊഫ. എംഎം നാരായണന്‍ അധ്യക്ഷത വഹിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ടിഎം സിദ്ധീഖ്, പികെ ഖലീമുദ്ദീന്‍ പ്രസംഗിച്ചു.












Click it and Unblock the Notifications