അലവലാതി പരാമര്‍ശം വേണ്ടായിരുന്നു; ഗണേശ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന
പത്തനാപുരം: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ അലവലാതി പരാമര്‍ശത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന. ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗണേഷ് കുമാറില്‍ നിന്ന് ഉണ്ടായതെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടി. എം എല്‍ എയുടെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി ആയുര്‍വേദ സംഘടനാ നേതാക്കള്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന നേതാക്കളെ ഗണേഷ് കുമാര്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.
'പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്ന് കരുതി ഇറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു' ഗണേശിന്റെ പരാമര്‍ശം. കൊല്ലം, തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ആരോഗ്യ മന്ത്രിയുടെ വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ വിമര്‍ശനം. സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേര് കൃത്യമായി പറഞ്ഞായിരുന്നു എം എല്‍ എയുടെ പരാമര്‍ശം. കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ 'ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് ഞാന്‍ കേട്ടു' എന്നായിരുന്നു ഗണേശ് കുമാര്‍ പറഞ്ഞത്.

ഒരാഴ്ച മുന്‍പ് ഗണേശ് കുമാര്‍ തലവൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എം എല്‍ എ നടത്തിയ പരാമര്‍ശങ്ങളില്‍ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നു. പരിശോധനയില്‍ വൃത്തി ഇല്ലാത്ത അന്തരീക്ഷം നേരിട്ട് കണ്ട എം എല്‍ എ ക്ഷുഭിതനായാണ് പ്രതികരിച്ചിരുന്നത്. അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളുമായിരുന്നു ഗണേശ് കുമാറിനെ ചൊടിപ്പച്ചത്. വാങ്ങുന്ന ശമ്പളത്തോട് അല്‍പമെങ്കിലും കൂറ് പുലര്‍ത്തണം എന്നും ഗണേശ് കുമാര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഗണേശ് കുമാര്‍ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയിരുന്നു. ആശുപത്രിയില്‍ എം എല്‍ എ തറ തൂക്കുന്ന വീഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ആറു മാസങ്ങള്‍ക്ക് മുന്‍പ് തുറന്നു കൊടുത്ത ആശുപത്രിയിലെ ശൗചാലയം പൊട്ടി തകര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മന്ത്രി ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ എല്ലാം വൃത്തിയാക്കണമെന്ന് ഗണേശ് കുമാര്‍ എം എല്‍ എ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ആശുപത്രിയില്‍ മതിയായ ജീവനക്കാര്‍ ഇല്ലെന്ന് ആയിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം.












Click it and Unblock the Notifications