'വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണംകെടുത്തും'; സവാദിന് സ്വീകരണം കൊടുത്തതില്‍ അശ്വതി
കൊച്ചി: കെ എസ് ആര്‍ ടി സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ സ്വീകരണത്തിന് വിമര്‍ശനുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സവാദ് എന്ന യുവാവിനെ ആണ് കെ എസ് ആര്‍ ടി സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ പൂമാലയണിയിച്ചാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഈ വാര്‍ത്തയുടെ പകര്‍പ്പ് പങ്ക് വെച്ച് കൊണ്ടാണ് അശ്വതി ശ്രീകാന്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അശ്വതി ശ്രീകാന്തിന്റെ പ്രതികരണം.

സവാദിന് സ്വീകരണം കൊടുത്തതില്‍ അല്ല, 'ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍' എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ അശ്വതി ശ്രീകാന്തിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ കമന്റുമായി രംഗത്തെത്തുകയും ചെയ്തു.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ സ്വീകരണത്തെ അനുകൂലിച്ച് കൊണ്ടാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇതോടെ 'എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയില്‍ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്‌സ് അവര്‍ കൈയടക്കി ഗയ്സ് ! ഞാന്‍ പോണ്... ബൈ!', എന്നാണ് അശ്വതി ശ്രീകാന്ത് തന്നെ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് സ്വദേശി സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ്ജയിലിന് പുറത്ത് സ്വീകരണം നല്‍കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെയാണ് സവാദിന് ജാമ്യം അനുവദിച്ചത്.
സവാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരാതിക്കാരിക്ക് എതിരെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്നായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ് അജിത് കുമാര്‍ ആരോപിച്ചിരുന്നത്. പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ വെച്ചാണ് സവാദ് യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തി എന്നായിരുന്നു പരാതി. യുവതി തന്നെ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ യുവതി കാണിച്ച വീഡിയോയില്‍ മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല എന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പറയുന്നത്.












Click it and Unblock the Notifications