വിവാഹ സമയത്ത് പെൺകുട്ടികൾക്ക് കാറും സ്വർണവും അല്ല കൊടുക്കേണ്ടത്, പകരം വേണ്ടത്...തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്
വിസ്മയ, വിപഞ്ചിക, അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി അതുല്യയും. വിവാഹ ശേഷമുളള ഭർത്താവിന്റെ കൊടിയ പീഡനങ്ങൾ കാരണം പെൺകുട്ടികൾക്ക് ജീവനൊടുക്കേണ്ടി വരുന്ന സംഭവങ്ങൾ തുടർക്കഥകളാവുകയാണ്. നാടും കാലവും എത്രയേറെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും വിവാഹമാണ് പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് കരുതുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷവും ഇപ്പോഴും എന്നതൊരു യാഥാർത്ഥ്യമാണ്.
നല്ല വിദ്യാഭ്യാസവും ജോലിയും സ്വന്തം കാലിൽ നിൽക്കാനുളള ധൈര്യവുമാണ് വേണ്ടതെന്നും വിവാഹമല്ല ജീവിതത്തിലെ ഏക കാര്യം എന്നുളള ബോധ്യവുമാണ് പെൺകുട്ടികൾക്ക് കുട്ടിക്കാലം മുതൽ പകർന്ന് നൽകേണ്ടത്. വിവാഹ മോചനം എന്നുളളത് മരണത്തേക്കാൾ മോശമാണ് എന്ന് കരുതുന്ന മാതാപിതാക്കൾ നമുക്കിടയിലുണ്ട്. അതുല്യയുടെ മരണത്തിന് പിന്നാലെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'' നമ്മുടെ സഹോദരിമാർ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുൻപ് ക്രൂരം ആയി കൊല ചെയ്യപെടുന്നത്.. (ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നും പറയും). ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്നങ്ങൾ ഉണ്ടാവും... അത് സ്വഭാവികം..പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? പല യുവതികളും, ഭർത്താവിനോടുള്ള ദേഷ്യത്തിൽ മക്കളെ കൂടി കൊല്ലുന്നു.. എന്തിന്? ആ പാവം കുട്ടികൾ ചെയ്ത തെറ്റെന്ത്?

വിവാഹ സമയം, പെൺ മക്കൾക്ക് കുറെ സ്വർണം, കാർ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകൾക്കു അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്? ഭർത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനു അടിമയെങ്കിൽ അന്തസ്സോടെ ഡിവോഴ്സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയിൽ കണ്ടെത്തിയാൽ വീണ്ടും കല്യാണം കഴിക്കുക.
മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഇനി നാട്ടുകാർ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവൻ കളയേണ്ട.. തകർന്ന ബന്ധങ്ങൾ വീണ്ടും വിളക്കി ചേർത്ത് വീണ്ടും ഭർത്താവിന്റെ കൂടെ പോയി മരണം ഇരന്നു വാങ്ങേണ്ട ആവശ്യമുണ്ടോ? ഒരു വ്യക്തിക്ക് 5 തരം ബാലൻസ് വേണം.. ഫിസിക്കൽ ബാലൻസ്, മെന്റൽ ബാലൻസ്, എജ്യുക്കേഷണൽ ബാലൻസ്, ഫൈനാൻഷ്യൽ ബാലൻസ്, സ്പിരിച്വൽ ബാലൻസ്... ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികൾക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ ബാലൻസ് ഓക്കേ ആണ്. പക്ഷെ എന്ത് പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മന കരുത്തു, ആധ്യാത്മിക അറിവ് കുറവാണ്.. (മെന്റൽ ബാലൻസ്, സ്പിരിച്വൽ ബാലൻസ്).
അതുകൊണ്ടാണ് നിസ്സാര കാര്യത്തിനും, വലിയ പ്രശ്നങ്ങൾ, വിവാഹം ഒഴിവായാൽ മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് പറയും എന്നൊക്കെയുള്ള വേവലാതികൾ ഉണ്ടാകുന്നത്.. തുകൊണ്ടാണ് ആത്മഹത്യ ചെയ്യുമ്പോൾ പാവം മക്കളെയും കൊല്ലുന്നത്. വീഴുക എന്നത് തെറ്റല്ല, പക്ഷെ വീണിട്ടു എഴുനേൽക്കാതിരിക്കുക എന്നത് തെറ്റാണ്..
(വാൽ കഷ്ണം...പെൺകുട്ടികൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെക്കന് സർക്കാർ ജോലി വേണം,ഗൾഫിൽ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്ട് നില വിട് വേണം, വലിയ കാർ etc നോക്കുന്നത് തെറ്റല്ല.. കൂടെ പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യ/കൊലപാതകങ്ങൾ കുറക്കാം.. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് ഇവിടെ പെണ്ണ് കിട്ടാനില്ല)''.












Click it and Unblock the Notifications