അത്തം ആശംസകൾ 2023: അത്തം ഇങ്ങെത്തി; പ്രത്യേകതകളും പ്രധാന്യവുമറിയാം.. ആശംസകളും നേരാം
ചിങ്ങ മാസം എത്തിയതോടെ കേരളത്തിൽ ഓണാന്തരീക്ഷം ആണ്. എല്ലാവരും ഓണം ആഘോഷമാക്കാനുള്ള ആവേശത്തിലാണ്. അത്തം എത്തുന്നതോട് കൂടി ആ ആവേശം ഇരട്ടിക്കും. അത്തം പത്തിനാണല്ലോ പൊന്നോണം. ഈ വർഷം ആഗസ്റ്റ് 20 നാണ് അത്തം വരുന്നത്.
ആഗസ്റ്റ് 29 നാണ് തിരുവോണം. വളരെ പ്രധാനപ്പെട്ട ദിവസമാണ് അത്തം. നാളെ മുതൽ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കും. അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്.

പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പൂക്കളം ഒരുക്കാൻ കൃത്യമായ രീതികളുണ്ട്. പത്ത് ദിവസം മുറ്റത്ത് ഒരുക്കുന്ന പൂക്കളത്തിൽ അത്തം നാളിൽ തുമ്പപ്പൂ ഇട്ടുകൊണ്ടാണ് പൂക്കളം ഇടാൻ തുടങ്ങുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രം ആണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുള്ള പൂക്കൾ ഉപയോഗിക്കും.
അത്തം നാളിൽ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ, കൂടാതെ ഈ ദിവസം ചുവന്നപൂക്കൾ ഉപയോഗിക്കാൻ പാടില്ല, രണ്ടാം ദിവസം രണ്ട് തരം പൂക്കളിട്ടാണ്
പൂക്കളം. മൂന്നാം ദിവസം മൂന്ന് തരം പൂക്കളും അങ്ങനെ പത്താം ദിവസം എത്തുമ്പോൾ പത്ത് തരം പൂക്കളും ചേർത്താണ് പൂക്കളം ഒരുക്കുന്നത്. ചോതി നാൾ മുതലാണ് ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്. ഉത്രാടത്തിന് വലിയ പൂക്കളം ആണ് ഒരുക്കേണ്ടത്. മൂലം നാളിൽ പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം.
തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന കുറച്ച് വ്യത്യാസമുണ്ട് . ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു തേച്ച് അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവ് ഇതിൽ തേയ്ക്കുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ എടുത്ത് വെയ്ക്കും.
നാളെ മുതൽ വീടിന്റെ മുറ്റങ്ങളിൽ പൂക്കളം ഒരുക്കി തുടങ്ങും, പ്രജകള കാണാൻ എത്തുന്ന മഹാബലിയെ വരവേൽക്കാൻ. ഈ പുണ്യദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ വിട്ടുപോകരുത്. സമൃദ്ധിയും ഐശ്വര്യവും ആനന്ദവും നിറഞ്ഞ നാളുകൾ ജീവിതത്തിൽ വരാൻ മനസ്സിൽ തൊട്ട് നമുക്ക് ആശംസകൾ നേരാം.












Click it and Unblock the Notifications