കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റെ സദാചാര പോലീസിങ്: വിശദീകരിച്ച് ആതിര ഫേസ്ബുക്കില്‍, എസിപിയ്ക്ക് എതിരെ ഐജിയ്ക്ക് പരാതിയും

Google Oneindia Malayalam News

കോഴിക്കോട്: സദാചാര പോലീസ് ചമഞ്ഞ് സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്ത സംഭവം വിവാദമായിരിക്കുകയാണ്. സിവില്‍ പോലീസ് ഓഫീസര്‍ ആയ ഉമേഷ് വള്ളിക്കുന്നിനെ (യു ഉമേഷ്) ആണ് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് സസ്‌പെന്‍ഡ് ചെയ്ത്.

ഉമേഷിന് നല്‍കിയ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പരാമര്‍ശിക്കുന്ന ആതിര കൃഷ്ണന്‍ പോലീസിനെതിരെ അതി ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. മൊഴിയെടുക്കാനെന്ന പേരില്‍ തന്റെ ഫ്‌ലാറ്റില്‍ എത്തിയ എസിപി സുദര്‍ശന്‍, സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയില്‍ സംസാരിച്ചു എന്നും വനിത പോലീസുകാരുടെ സാന്നിധ്യമില്ലാതെ നിര്‍ബന്ധപൂര്‍വ്വം മൊഴിയെടുത്തു എന്നും ആതിര ഉത്തരമേഖല ഐജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം....

Athira

പ്രിയപ്പെട്ടവരെ,

31 വയസ് പ്രായമുള്ള ഞാൻ സിവിൽ സ്റ്റേഷന് സമീപം ഫ്ലാറ്റിൽ തനിച്ചാണ് താമസം. ഗായികയും മ്യൂസിക് കംപോസ്‌റുമായതിനാൽ പാട്ടുകൾ ചെയ്യുന്നത് സംബന്ധിച്ച് ഞാനും കുടുംബാംഗങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ നാല് മാസത്തോളമായി ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നത്.
വിവിധ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഫ്ലാറ്റ് കണ്ടെത്തിയതും അഡ്വാൻസ് നൽകിയതും താമസം തുടങ്ങിയതും.

08-09-2020 തീയ്യതി ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ സ്പെഷ്യൽ ബ്രാഞ്ച് ACP എന്ന് പരിചയപ്പെടുത്തി സുദർശൻ സാറും നാരായണൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും "നിങ്ങളാണോ ആതിര? ഫോട്ടോയിൽ കാണുന്ന പോലെയൊന്നും അല്ലല്ലോ" എന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്ന തരത്തിൽ ACP കമന്റ്‌ പറയുകയും ചെയ്തു. എനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും അതന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞു. എന്താണ് പരാതി എന്നോ ആരാണ് പരാതി തന്നതെന്നോ പറഞ്ഞിട്ടില്ല.
ഒരു വനിതാ പോലീസുകാരി പോലും കൂടെയില്ലാതെ,
യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ കയറി എന്നെ ചോദ്യം ചെയ്തു മൊഴിയെടുത്തു. ഞാൻ പറഞ്ഞ പല മറുപടികളും രേഖപ്പെടുത്താതെ ACP സർ അദ്ദേഹത്തിൻറെ ഇഷ്ടപ്രകാരമാണ് മിക്ക കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയത്. അതിൽ എന്നെക്കൊണ്ട് ഒപ്പു വയ്പ്പിക്കുകയും ചെയ്തു. ഞാൻ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്നിടത്ത് രണ്ട് പുരുഷ പോലീസുകാർ മാത്രം വന്ന് ഭയപ്പെടുത്തിയതിനാൽ ഞാൻ ഒപ്പിട്ടു നൽകുകയായിരുന്നു.

എന്റെ മൊഴിയെടുത്തതിന്റെ പകർപ്പ് എനിക്ക് തരികയുണ്ടായില്ല. പിന്നീട് ആവശ്യപ്പെട്ടപ്പോൾ എന്താ അതിന്റെ ആവശ്യം എന്നാണ് ACP സർ ചോദിച്ചത്. പിന്നീട് ''എൻക്വയറി കഴിയട്ടെ, എന്നിട്ട് നോക്കാം'' എന്നാണ് പറഞ്ഞത്. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഏ. വി.ജോർജ് സാറിനെ വിളിച്ച് മൊഴി പകർപ്പ് തരാനുള്ള നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ചപ്പോഴും "എൻക്വയറി കഴിഞ്ഞിട്ടേ തരാൻ പറ്റൂ" എന്ന് തന്നെ പറഞ്ഞു. തുടർന്ന് ഡി.സി.പി. സുജിത് ദാസ് സാറിനെ വിളിച്ച് പരാതി പറഞ്ഞു. അദ്ദേഹം അവധിയാണെന്നും വന്നിട്ട് പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞതിനെ ത്തുടർന്ന് പിറ്റേ ദിവസം രാവിലെ വരെ കാത്തിരുന്നു. രാവിലെ ഡി. സി.പി. സാറിനും കമ്മീഷണർ സാറിനും കോപ്പി വച്ച് ACP SB ക്ക് മെയിൽ ചെയ്തതിനെത്തുടർന്ന് എന്റെ മൊഴിയുടെ പകർപ്പ് e.mail ചെയ്തു തന്നു.

മൊഴി വായിച്ച് നോക്കിയപ്പോൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് പരാതിക്കാരിക്ക് അനുകൂലമായ രീതിയിൽ അവരുടെ വാക്കുകൾ ഉപയോഗിച്ച് എന്റെ മൊഴിയായി രേഖപ്പെടുത്തിയിരിക്കയാണ്.

വാസ്തവത്തിൽ ഈ പരാതി എനിക്കെതിരായിട്ടുള്ളതല്ല. എന്നിട്ടും ഒരു സ്ത്രീ തനിച്ച് താമസിക്കുന്നിടത്ത് ഫ്ലാറ്റിൽ രണ്ടു പുരുഷ പോലീസുകാർ മുന്നറിയിപ്പില്ലാതെ കയറി വന്ന് എനിക്കെതിരായ പരാതി എന്ന് തെറ്റിദ്ധരിപ്പിച്ച് എന്നെ ഭയപ്പെടുത്തുകയായിരുന്നു. "ഫോട്ടോയിൽ കാണുന്നതും പോലെയല്ലല്ലോ നേരിൽ" എന്ന് എന്റെ ശരീരത്തെയും നിറത്തെയും ഉദ്യേശിച്ച് അധിക്ഷേപിക്കുകയും ചെയ്തു ACP ശ്രീ. സുദർശൻ .

ഇന്ന് കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് ഐ.പി.എസ് പുറത്തുവിട്ട, ഉമേഷ് വള്ളിക്കുന്നിനെ സസ്പെൻഡ് ചെയ്തതായുള്ള ഉത്തരവിൽ എന്നെ അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണുള്ളത്.

31 വയസ്സുള്ള എനിക്ക് എന്റെ ഇഷ്ടപ്രകാരം തനിയെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും കഴിവും ഉണ്ട്. സ്വന്തം നിലയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന എന്നെ മറ്റൊരാൾ താമസിപ്പിച്ചതാണെന്നും അയാൾ ഇവിടെ നിത്യ സന്ദർശകനാണെന്നും മറ്റും ഒരു ജില്ലാ പോലീസ് മേധാവി എഴുതിയുണ്ടാക്കി എന്റെ സുഹൃത്തായ പോലീസുകാരനെ സസ്പെൻഡ് ചെയ്തിരിക്കയാണ്.
എന്റെ അമ്മ ശാരദ കൃഷ്ണൻ കുട്ടി നൽകിയ പരാതിയിലാണ് നടപടി.

Suspension Order

താഴെ പറയുന്ന കാര്യങ്ങളിൽ എനിക്ക് പരാതിയുണ്ട്. പരാതി ഉത്തരമേഖല ഐ.ജി. ക്ക് നൽകിയിട്ടുണ്ട്.

1) സ്ത്രീയായ ഞാൻ തനിച്ച് താമസിക്കുന്നിടത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ട് പുരുഷ പോലീസുകാർ കടന്നു വന്ന് എന്നെ ഭയപ്പെടുത്തി മൊഴിയെടുത്തു.

2)മറ്റൊരാൾക്കെതിരെയുള്ള പരാതിയെ എനിക്കെതിരായിട്ടുള്ള പരാതി എന്ന് തെറ്റിദ്ധരിപ്പിച്ചു.

3) ആരുടേതാണ് പരാതി എന്ന് വ്യക്തമാക്കുകയോ, പരാതി വായിച്ചു കേൾപ്പിക്കുകയോ ചെയ്തില്ല.

4) ഞാൻ പറഞ്ഞ വസ്തുതകൾ രേഖപ്പെടുത്താതെ അവർക്കാവശ്യമായ രീതിയിൽ മൊഴി രേഖപ്പെടുത്തി.

5) നിർബന്ധപൂർവം "മൊഴി വായിച്ച് കേട്ടു. ശരി" എന്നെഴുതി ഒപ്പുവെപ്പിച്ചു

6) "ഫോട്ടോയിൽ കാണുന്നതു പോലെയല്ലല്ലോ" എന്ന് ഒരു പോലീസുദ്യോഗസ്ഥൻ ചെയ്യരുതാത്ത തരത്തിൽ അനാവശ്യമായി കമന്റടിച്ച് ബോഡിഷെയിമിങ്ങും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തി.

7) ഞാൻ സ്വാതന്ത്രമായി വാടകക്കെടുത്തു താമസിക്കുന്ന ഫ്ലാറ്റ് മറ്റൊരാൾ എന്റെ പേരിൽ തരപ്പെടുത്തിയതാണെന്നും എന്നെ ഒരാൾ ഇവിടെ താമസിപ്പിച്ചതാണെന്നും അയാൾ ഇവിടെ നിത്യ സന്ദർശകനാണെന്നും വ്യാജ വിവരങ്ങൾ ചേർത്ത് റിപ്പോർട്ട്‌ തയ്യാറാക്കി അത് ഒരു പബ്ലിക്‌ ഡോക്യുമെന്റ് ആയ സസ്പെൻഷൻ ഓർഡറിൽ ഉൾപ്പെടുത്താനിടയാക്കുകയും എന്റെ വ്യക്തിത്വത്തെയും അന്തസ്സിനേയും അപമാനിക്കുകയും ചെയ്തു.

8) എനിക്ക് സ്വന്തമായി ഫ്ലാറ്റിൽ താമസിക്കാനാകുമെന്നും എന്റെ ഒരു സുഹൃത്തും ഫ്ലാറ്റിൽ നിത്യ സന്ദർശകരല്ലെന്നും, എന്നാൽ അപ്രകാരം സന്ദർശിച്ചാൽ പോലും അതിൽ കുറ്റകരമായി യാതൊന്നും ഇല്ലെന്നും വസ്തുതയായിരിക്കെ സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചു കൊണ്ടാണ് കമ്മീഷണറായ ഏ.വി.ജോർജ്ജ് സർ ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്റെ സസ്പെൻഷൻ ഓർഡറായ ഔദ്യോഗിക രേഖയിൽ എന്നെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പ്രസ്തുത പോലീസുകാരനോട് ഏ.വി ജോർജ് സാറിന് വർഷങ്ങളായുള്ള കുടിപ്പക തീർക്കുന്നതിന് എന്നെ ഇരയാക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

സ്ത്രീ എന്ന നിലയിൽ എന്നെ അപമാനിച്ചതിനും പൊതുരേഖയിൽ എന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനും ഉചിതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് പരാതി നൽകിയിട്ടുള്ളത്.

Recommended Video

cmsvideo
Kozhikode SI kicked roadside vendor's kart, video viral

ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന എന്റെ ആത്മാഭിമാനത്തെ നീചമായി അവഹേളിക്കുന്ന തരത്തിൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് ഔദ്യോഗിക രേഖയിൽ പോലും ഉൾപ്പെടുത്തി അപമാനിച്ചതിനെതിരെ ന്യായമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും സപ്പോർട്ട് ഇതുവരെയെന്ന പോലെ ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

English summary
Athira K Krishnan writes on Facebook about the suspension of civil police officer and her complaint against ACP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X