തെറ്റിദ്ധരിപ്പിച്ചു മതം മാറ്റി... ഇനി ആയിഷയല്ല, ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്ന് ആതിര...
പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് ആതിരയുടെ വെളിപ്പെടുത്തല്‍
കൊച്ചി: താന്‍ ഇസ്ലാം മതം സ്വീകരിച്ചത് പലരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നും തെറ്റിദ്ധാരണ മൂലമാണെന്നും കാസര്‍കോഡ് ഉദുമ സ്വദേശി ആതിര പറഞ്ഞു. തിരിക്കെ ഹിന്ദുമത വിശ്വാസത്തിലേക്ക് വന്ന ശേഷം സംസാരിക്കുകയായിരുന്നു ആതിര.
കൊച്ചിയില്‍ മാതാപിതാക്കളായ രവീന്ദ്രനും ആശയ്ക്കുമൊപ്പം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആതിര കാര്യങ്ങള്‍ വിശദമാക്കിയത്. ജൂലൈ 10നാണ് ആതിരയെ കാണാതാവുന്നത്. 20 പേജുകളടങ്ങിയ കത്തെഴുതി വച്ച് ആതിര പോവുകയായിരുന്നു.

ആയിഷയല്ല, ആതിര...
താന്‍ ഇപ്പോള്‍ ആയിഷയല്ല, പഴയ ആതിരയാണ്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മതം മാറ്റിയത്. സനാതന ധര്‍മത്തിലേകക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആതിര പറഞ്ഞു.

ആകര്‍ഷിക്കപ്പെട്ടു
ബിരുദത്തിനു പഠിക്കുമ്പോഴാണ് സഹപാഠികളായ മുസ്ലീം പെണ്‍കുട്ടികളുടെ വാക്കുകള്‍ കേട്ട് ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അവരുടെ ഏകദൈവ വിശ്വാസമാണ് തന്നെ ആകര്‍ഷിച്ചതെന്നും ആതിര വെളിപ്പെടുത്തി.

ഹിന്ദുമതം തെറ്റാണെന്ന് വിശ്വസിച്ചു
അവര്‍ തനിക്കു ഖുര്‍ആനും ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വായിക്കാനായി നല്‍കി. ഇവ വായിച്ചപ്പോള്‍ ഹിന്ദുമതം തെറ്റാണെന്ന് തനിക്കു വിശ്വസിക്കേണ്ടിവന്നു. ഹിന്ദുധര്‍മത്തെ കുറിച്ച് ശരിക്കും പഠിക്കാതിരുന്നതാണ് തെറ്റായ തീരുമാനെടുക്കാന്‍ കാരണമെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ട്
കല്ലിനെ ആരാധിക്കുന്ന ഹിന്ദുമതം തെറ്റാണെന്നും ഇസ്ലാം മതം മുന്നോട്ടുവയ്ക്കുന്ന ഏക ദൈവ വിശ്വാസം മാത്രമാണ് ശരിയെന്നും പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതായും ആതിര വെളിപ്പെടുത്തി.

ഐസിസ്
മുസ്ലീങ്ങള്‍ അല്ലാത്തവര്‍ കാഫിറുകളാണെന്ന് വിശ്വസിച്ചതിനാല്‍ തന്റെ മാതാപിതാക്കളെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതായും ആതിര പറഞ്ഞു. എന്നാല്‍ ഭീകരസംഘടനയായ ഐസിസില്‍ തന്നെ ചേര്‍ക്കാന്‍ ആരും ശ്രമം നടത്തിയിട്ടില്ലെന്നും ആതിര കൂട്ടിച്ചേര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ നിര്‍ദേശം
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സുഹൃത്തുക്കളാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് ആയിഷയാക്കിയത്. അടുത്ത സുഹൃത്ത് അനീസയുടെ സഹോദരനും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ സിറാജാണ് ഇതിനു പിന്നില്‍. ഇയാളുടെ നിര്‍ദേശമനുസരിച്ചാണ് മതം മാറാനും വീട്ട് വിട്ടിറങ്ങാനും അനീസ തന്നോട് ആവശ്യപ്പെട്ടതെന്നും ആതിര വെളിപ്പെടുത്തി.

നേതാക്കള്‍ കാണാന്‍ വന്നു
വീട് വിട്ടിറങ്ങിയ തന്നെ സിറാജും മറ്റൊരാളും കാറില്‍ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി രണ്ടു ദിവസം താമസിപ്പിച്ചു. ഇവിടേക്കു പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ സിറാജും കുടുംബവും തന്നെ എറണാകുളത്തെ മറ്റൊരു കേന്ദത്തിലേക്ക് മാറ്റിയെന്നും ആതിര പറഞ്ഞു.

അഭിമുഖം നല്‍കി
കൊച്ചിയിലെ വീട്ടില്‍ ഒരാഴ്ച താമസിച്ച ശേഷം തിരികെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. ഇവിടെ വച്ച് ഒരു ചാനലിന് അഭിമുഖം നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്ന് പറയാനും അവര്‍ നിര്‍ദേശിച്ചതായും ആതിര വെളിപ്പെടുത്തി.

മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി
അഭിമുഖത്തിനു ശേഷം ബസ് സ്റ്റാന്റിലേക്ക് ഓട്ടോയില്‍ പോയി. അവിടെ വച്ച് കാസര്‍കോഡ് സിഐയെ വിളിച്ചു. തുടര്‍ന്ന് അവര്‍ വന്നു തന്നെ കൂട്ടിക്കൊണ്ടുപോയി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മതപഠനത്തിന് പോവണമെന്ന് അവിടെ വച്ച് ഞാന്‍ വാശി പിടിച്ചു. തുടര്‍ന്നു മഹിളാ മന്ദിരത്തിലേക്ക് തന്നെ മാറ്റിയതായും ആതിര പറഞ്ഞു.

വീട്ടുകാര്‍ക്കൊപ്പം പോയി
അച്ഛന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കി. അച്ഛന്റെയും അമ്മയുടെയും കരച്ചില്‍ കണ്ടതിനെ തുടര്‍ന്നാണ് അവര്‍ക്കൊപ്പം പോവാന്‍ തീരുമാനിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ആര്‍ഷ വിദ്യാസമാജത്തിലെ കൗണ്‍സിലര്‍മാര്‍ വീട്ടിലെത്തി. തുടര്‍ന്നു മതഗ്രന്ഥങ്ങള്‍ എടുത്തു വച്ച് താരതമ്യപഠനം നടത്തി. പിന്നീട് കൂടുതല്‍ പഠിച്ചപ്പോഴാണ് തനിക്കു ചതി മനസ്സിലായത്. തുടര്‍ന്ന് ഹിന്ദുമതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ആതിര പറഞ്ഞു.












Click it and Unblock the Notifications