കുട്ടിക്കാലം മുതല്‍ കണ്ട സ്വപ്നം, ഒടുവില്‍ പാരിസില്‍ സാഫല്യമാകുന്നു: നീരജ് ചോപ്ര പ്രചോദനം: അബ്ദുള്ള അബൂബക്കർ

പാരിസ് ഒളിംപിക്സിനുള്ള 28 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത് 7 മലയാളികളാണ്. അബ്ദുല്ല അബൂബക്കർ എച്ച്എസ് പ്രണോയ്, മുഹമ്മദ് അജ്മൽ , മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യൻ, അമോജ് ജേക്കബ്, പിആർ ശ്രീജേഷ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. സ്പോർട്സ് രംഗത്തേക്ക് വന്നത് മുതല്‍ കണ്ട് തുടങ്ങിയ ഒരു സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമാകാന്‍ പോകുന്നതെന്നതാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെ കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കർ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്.

'റോഡ് ടു പാരിസ്' റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയാണ് ട്രിപ്പിള്‍ ജംപ് താരമായ അബ്ദുള്ള അബൂബക്കർ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. പാരിസില്‍ ടീ ഇന്ത്യക്കും തനിക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വണ്‍ഇന്ത്യക്ക് നല്‍കിയ വിശദമായ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു..

abdullaaboobacker

സാഫല്യമാകുന്ന സ്വപ്നം

ഒളിംപിക്സ് എന്ന് പറയുന്നത് ഏതൊരു കായിക താരത്തിന്റേയും സ്വപ്നമാണ്. എഞ്ചിനീയർ, അല്ലെങ്കിള്‍ ഡോക്ടർ ആകുക എന്നൊക്കെയുള്ളത് പഠനകാലത്ത് തന്നേയുള്ള പലരുടേയും ആഗ്രഹം ആയിരിക്കും. അത്തരത്തില്‍ സ്പോർട് രംഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പ് തന്നെ ഒളിംപിക്സ് എന്റെ മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ ആ വേദിയിലേക്ക് പോകാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.

പരമാവധി ശ്രമിക്കും

കരിയറിലെ തന്നെ മികച്ച പ്രകടനം പാരിസില്‍ എനിക്ക് പുറത്തെടുക്കേണ്ടതുണ്ട്. അതിന് വേണ്ടി എന്നെക്കൊണ്ട് ആകുന്നത് പോലെയൊക്കെ പരമാവധി ഞാന്‍ ശ്രമിക്കും. മികച്ച രീതിയില്‍ തന്നെയാണ് ഒളിംപിക്സിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. സായി ബാംഗ്ലൂർ കേന്ദ്രത്തിലായിരുന്നു ഇതുവരേയുള്ള പരിശീലനം. അത്ലറ്റിക് ഫെഡറേഷന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഒരു റഷ്യന്‍ പരിശീലകനൊപ്പം മലയാളിയായ അനൂപുമായിരുന്നു പ്രധാന പരിശീലകർ. അത്ലറ്റ് ട്വിന്റൂ ലൂക്കയുടെ ഭർത്താവാണ് അദ്ദേഹം. ഒരു വർഷമായി പുള്ളിക്കാരന് കീഴിലാണ് പരിശീലനം. എല്ലാ രീതിയിലും അദ്ദേഹം നമ്മളെ പിന്തുണയ്ക്കുന്നുണ്ട്. ആ പരിശീലനമാണ് എനിക്ക് പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്.

abdullaaboobacker

നീരജ് ചോപ്ര പ്രചോദനം

ഷൂട്ടിങ്, ഗുസ്തി എന്നിവയിലൊക്കെ നേരത്തെ ഒളിപിംക് മെഡല്‍ നേടിയിരുന്നെങ്കിലും അത്ലറ്റിക്സില്‍ ആ നേട്ടത്തിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ടോക്കിയോവില്‍ നീരജ് ചോപ്ര ആ ചരിത്രം തിരുത്തി. ഇന്ത്യക്കാരെക്കൊണ്ടും ഇതൊക്കെ സാധിക്കും എന്ന് അദ്ദേഹം തെളിയിച്ചു. കായികതാരങ്ങള്‍ എന്ന നിലയില്‍ നമുക്ക് അത് നല്‍കുന്ന ആത്മവിശ്വാസവും കരുത്തും ചെറുതല്ല.

മറ്റ് പല രാജ്യങ്ങളുടേയും കാര്യം എടുത്ത് നോക്കൂ. തുടക്കത്തിലെ അവരുടെ പ്രകടനമൊക്കെ വളരെ പുറകിലായിരിക്കും. എന്നാല്‍ ഓരോരുത്തരുടേയും വിജയങ്ങള്‍ മറ്റുള്ളവർക്ക് പ്രചോദനമാകുന്നു. ആ തരത്തില്‍ നീരജ് ചോപ്രയുടെ മെഡല്‍ എപ്പോഴും ഞങ്ങള്‍ക്കും ഒരു പ്രചോദനമാണ്.

തുടക്കം ഓട്ടക്കാരനായി

ചെറുമോത്ത് എല്‍ സ്കൂള്‍, വാണിമേല്‍ യുപി സ്കൂള്‍, പേരോട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെയൊക്കെ ഓട്ടം, ഹൈജംപ്, ലോങ്ജംപ് എന്നിവയായിരുന്നു ചെയ്തിരുന്നത്. സ്കൂള്‍ കാലത്ത് വലിയ പരിശീലനം ഒന്നുമുണ്ടായിരുന്നില്ല. കായികരംഗത്ത് താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ പിന്നീട് നാട്ടുകാരന്‍ കൂടിയായ രജീഷ് സാറിനോടൊപ്പം പാലക്കാട് പറളി സ്കൂളിലെത്തി. അവിടെ വെച്ചാണ് ട്രിപ്പിള്‍ ജംപിലേക്ക് മാറുന്നത്.

തിരിച്ചടിയും തിരിച്ച് വരവും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയതിന് ശേഷം കരിയറില്‍ ചെറിയ തിരിച്ചടി നേരിടേണ്ടി വന്നു. അതുവരെ ഹരികൃഷ്ണന്‍ എന്ന കോച്ചിന് കീഴിലായിരുന്നു പരിശീലനം. അദ്ദേഹം അവിടുന്ന് പോയതിന് ശേഷമാണ് റഷ്യയില്‍ നിന്നുള്ള കോച്ച് വരുന്നത്. ഒരു വർഷത്തോളം പുള്ളിക്കാരന് കീഴിലായിരുന്നു പരിശീലനത്തില്‍. രണ്ട് കോച്ചുമാർക്കും ഇടയിലുണ്ടായിരുന്ന വർക്കൗട്ടി ചേഞ്ച് എന്നെ നല്ല രീതിയില്‍ ബാധിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. എന്നെ സംബന്ധിച്ച് അത് വലിയ നഷ്ടമാണ്. കോമണ്‍വെല്‍ത്തിലെ പ്രകടനം ആവർത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വർണം വരേണ്ടതാണ്. എന്നാല്‍ വർക്കൗട്ടിലെ ചേഞ്ച് തിരിച്ചടിയായി മാറി. പിന്നീട് അനൂപിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചതോടെയാണ് പതിയെ തിരികെ വന്ന് തുടങ്ങിയത്.

സ്കൂള്‍ ഒളിപിക്സ് പ്രചോദനമാകും

സ്കൂള്‍ ഒളിംപിക്സ് എന്ന പേരില്‍ കായികമേള സംഘടിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. സ്കൂള്‍ കായികമേളയിലൂടെ വളർന്ന് വന്ന താരമാണ് ഞാനൊക്കെ. സ്കൂള്‍ ഒളിംപിക്സ് എന്ന പേര് മാറ്റം നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നു. കായിക രംഗത്തേക്ക് ഇറങ്ങുന്ന ഏതൊരു കൊച്ചുകുട്ടിയുടേയും ഉള്ളില്‍ ഒളിംപിക്സ് എന്ന ചിന്ത പകരാന്‍ ഇത് കാരണമാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത് യഥാർത്ഥ ഒളിംപിക്സ് വേദികള്‍ സ്വപ്നം കാണാന്‍ കുട്ടികളെ പ്രചോദിപ്പിക്കും.

സർക്കാർ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്

കായിക രംഗത്ത് സർക്കാർ കുറച്ചുകൂടെ നല്ല രീതിയില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. വലിയ വലിയ നേട്ടങ്ങള്‍ ഉണ്ടാകണമെങ്കില്‍ ചെറുപ്പത്തില്‍ തന്നെ മികച്ച താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കണം. ഒളിംപിക്സ് എന്ന് പറയുന്നതൊക്കെ അത്ര എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ലക്ഷ്യങ്ങളല്ല. ഗ്രാസ് റൂട്ട് ലെവലില്‍ എത്ര ശക്തമാണോ അത് ഭാവിയിലേക്ക് ഗുണകരമാകും.

ഹരിയാന സർക്കാറിനെയൊക്കെ കായികരംഗത്ത് നമുക്ക് മാതൃകയാക്കാവുന്നതാണ്. അവിടെയൊക്കെ ഏത് വീട്ടില്‍ ചെന്ന് നോക്കിയാലും ഒരു കായികതാരമുണ്ടാകും. സാമ്പത്തികമായാലും അല്ലെങ്കിലും അവിടുത്തെ സർക്കാർ അത്രത്തോളും അവരെ പിന്തുണയ്ക്കണം. നമ്മുടെ സർക്കാറും ആ തരത്തിലേക്ക് മാറണം.

നേരത്തെയൊക്കെ വിജയിക്കുന്നവർക്ക് ഗ്രേസ് മാർക്കും ക്യാഷ് പ്രൈസുമുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ ക്യാഷ് പ്രൈസ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. പൈസയുടേ കാര്യം പറയുന്നതുകൊണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല. മോട്ടിവേഷനോടൊപ്പം തന്നെ സാമ്പത്തികപരമായ പിന്തുണയും ലഭിച്ചില്ലെങ്കില്‍ ഏത് ഫീല്‍ഡിലായാലും ആളുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സർക്കാറിന്റെ ഭാഗത്ത് നിന്നും കായികമേഖലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും ഉണ്ടാകേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q