സംസ്ഥാനത്ത് രണ്ടിടങ്ങളിൽ എടിഎം കൗണ്ടറുകൾ തകർത്ത് കവർച്ച; 35 ലക്ഷം കവർന്നു
Recommended Video

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി എടിഎം കൗണ്ടറുകൾ തകർത്ത് മോഷണം. എറണാകുളം ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലുമാണ് കവർച്ച നടന്നത്. 35 ലക്ഷം രൂപയാണ് രണ്ട് എടിഎം കൗണ്ടറുകളിൽ നിന്നായി കവർന്നത്.
ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടർ കുത്തിത്തുറന്ന് 25 ലക്ഷം രൂപയും തൃശൂർ കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് 10 ലക്ഷം രൂപയും കവർന്നു. ദേശീയപാതയിലെ എടിഎമ്മാണ് കൊള്ളയടിച്ചത്.

എടിഎം കൗണ്ടറിലെ സിസിടിവിയിൽ സ്പ്രേ അടിച്ചതിന് ശേഷമായിരുന്നു കവർച്ച. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഇരുമ്പനത്തേത് കൂടാതെ എറണാകുളത്തെ മറ്റു ചില സ്ഥലങ്ങളിലും കവർച്ചാശ്രമം നടന്നതായി റിപ്പോർട്ടുകളുണ്ട്.
രാവിലെ പത്തരയോടെയാണ് കൊരട്ടിയിലെ കൗണ്ടറിൽ നിന്നും പണം നഷ്ടമായ വിവരം ശ്രദ്ധയിൽപെട്ടത്. എടി എം കൗണ്ടറുകൾക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുമ്പനത്തെ എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. എടിഎമ്മിന് പുറകിൽ പുഴയായതിനാൽ ഇതുവഴിയാണോ പ്രതികൾ എത്തിയതെന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications