സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി അടിച്ചുതകർത്തു; പ്രതിഷേധം, ഒരാൾ പിടിയിൽ..
ഇതിനു സമീപത്തെ പ്രസ് ക്ലബ് റോഡിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും അക്രമി തകർത്തു.
പത്തനംതിട്ട: വെട്ടിപ്രം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിക്ക് നേരെ ആക്രമണം. മേലെ വെട്ടിപ്രത്തെ കുരിശടിക്ക് നേരെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വഞ്ചിപൊയ്ക സ്വദേശി അജികുമാറിനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് അറിയിച്ചത്. വെള്ളിയാഴ്ച രാത്രി മേലെ വെട്ടിപ്രത്തെ കുരിശടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇതിനു സമീപത്തെ പ്രസ് ക്ലബ് റോഡിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും അക്രമി തകർത്തു. ശനിയാഴ്ച രാവിലെയാണ് കുരിശടിയും കാറും തകർത്തത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കുരിശടിയുടെ ഇരുവശങ്ങളിലെയും ചില്ലുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഈ പള്ളിയുടെ കൽവിളക്കുകൾ അജ്ഞാതർ തകർത്തിരുന്നു.
ആരാധനാലയങ്ങൾക്കും വാഹനങ്ങൾക്കും നേരെ തുടർച്ചയായി അക്രമം നടക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പോലീസിന്റെ അനാസ്ഥയാണ് അക്രമസംഭവങ്ങൾ തുടരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വീണാ ജോർജ് എംഎൽഎ, ആന്റോ ആന്റണി എംപി തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.












Click it and Unblock the Notifications