ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം
വടകര : നാഗര്‍കോവിലിലേക്ക് പോകുന്ന പരശുറാം എക്‌സ്പ്രസിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. സ്ത്രീകള്‍ക്കിടയില്‍ നിന്ന് ഇയാള്‍ ശബ്ദം വെക്കുകയും നിലത്തിരിക്കുകയുമായിരുന്നു. യാത്രക്കാര്‍ തൊട്ടടുത്ത എസി കമ്പാര്‍ട്ട്‌മെന്റിലെ ടിടിഇയോട് പരാതിപ്പെട്ടെങ്കിലും ഇയാളെ കൊണ്ടു പോയി എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ഡോറിനടുത്ത് കൊണ്ടു ചെന്നാക്കി ടിടിഇ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോയി.

അധികം താമസിയാതെ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ച് യുവാവ് വീണ്ടും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെത്തി. ട്രെയിന്‍ കോഴിക്കോട് എത്തും വരെ ഇയാള്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു കൊണ്ടു ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ തന്നെ നിന്നു. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി ആര്‍.പി.എഫില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം സ്ത്രീ യാത്രക്കാര്‍ പരാതിപ്പെട്ടിട്ടും സംഭവത്തെ ലാഘവത്തോടെ കൈകാര്യം ചെയ്ത ടി.ടി.ഇയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം(എം.ടി.പി.എഫ്) കുറ്റപ്പെടുത്തി. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷക്കായി വനിതാ പൊലീസിനെ നിയോഗിക്കണമെന്നും എം.ടി.പി.എഫ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications