കെഎസ്ഇബി ഓഫിസിലെ ആക്രമണം: പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിഷേധം; ന്യായീകരിച്ച് മന്ത്രി
തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം ശക്തം.അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിയുടെ മാതാപിതാക്കളായ തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയും കെ എസ് ഇ ബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.മകൻ ചെയ്ത തെറ്റിന് എന്തിനാണ് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് മനസിലാകുന്നില്ലെന്ന് ഇരുവരും പറഞ്ഞു. അതേസമയം പ്രതിഷേധത്തിനിടെ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ചയായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. ബില്ല് അടക്കാത്തതിനെ തുടർന്ന് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. തുടർന്ന് റസാഖിന്റെ മകൻ അജ്മൽ ഓൺലൈനായി ബില്ലടക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ചയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇതിനെ ചൊല്ലി അജ്മലും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതോടെ ഉദ്യോഗസ്ഥർ അജ്മലിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം പോലീസ് കേസെടുത്തതോടെ പ്രകോപിതനായ അജ്മൽ സഹോദരനേയും കൂട്ടി കെഎസ്ഇബി ഓഫീസിലെത്തി അവിടെ അക്രമണം അഴിച്ചുവിട്ടുവെന്നാണ് പരാതി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തെന്നും എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുണ്ടായെന്നും പരാതിയിൽ പറയുന്നു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ ഉണ്ട്. ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് ബോർഡിന്റെ റിപ്പോർട്ട്. പിന്നാലെയാണ് കെഎസ്ഇബി ചെയര്‍മാൻ വീട്ടിലെ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്.
അതേസമയം ഉദ്യോഗസ്ഥരുടെ നടപടിയെ വൈദ്യുതി മന്ത്രി ന്യായീകരിച്ചു. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
'മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായാല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി', മന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില്‍ സമരം തുടരുമെന്ന് അജ്മലിന്റെ കുടുംബം വ്യക്തമാക്കി. ആശുപത്രി വിട്ടാല്‍ നേരെ കെഎസ്ഇബി ഓഫീസില്‍ എത്തി സമരം തുടരുമെന്ന് വീട്ടുകാർ പറഞ്ഞു. കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കി.












Click it and Unblock the Notifications