പോരാട്ടത്തിനൊടുവിൽ മധുവിന്റെ അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കാൻ സർക്കാരിന് സാധിച്ചു: പി രാജീവ്
അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന വ്യാജപ്രചരണം നടത്തിയവർക്കുള്ള തിരിച്ചടി കൂടിയാണ് ഇന്നത്തെ കോടതി വിധിയെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. മറ്റിടങ്ങളിൽ നാം കാണുന്നതുപോലെ ഈ കേരളത്തിൽ ആള്‍ക്കൂട്ടനീതിശാസ്ത്രമനുസരിച്ച് വിധി പ്രഖ്യാപിക്കുവാനും നടപ്പാക്കാനും ഒരാൾക്കൂട്ടത്തെയും അനുവദിക്കില്ല. അങ്ങനെ ആയുധം കയ്യിലെടുക്കുന്നവർക്ക് നിയമത്തിൻ്റെ ഒരാനുകൂല്യവും ലഭിക്കില്ലെന്നും മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മധുവിന് നീതി
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരണപ്പെട്ടപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രിപിണറായി വിജയൻ നേരിട്ട് മധുവിൻ്റെ വീട് സന്ദർശിച്ചുകൊണ്ടാണ് മധുവിൻ്റെ കൊലയാളികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പ് നൽകിയത്. ഈ ഉറപ്പ് പാലിക്കപ്പെടുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞ മധുവിൻ്റെ അമ്മയ്ക്ക് നീതിന്യായ പോരാട്ടത്തിനൊടുവിൽ നീതി വാങ്ങിക്കൊടുക്കാൻ സർക്കാരിന് സാധിച്ചിരിക്കുന്നു. കേസിലെ 16 പ്രതികളിൽ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമടക്കം 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 304(2) പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. പഴുതടച്ച അന്വേഷണം നടത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് മെയ് മാസത്തിൽ തന്നെ കേരള പോലീസ് കുറ്റപത്രം സമർപ്പിച്ചു. മധുവിനെ പിടികൂടുന്ന ദൃശ്യങ്ങൾ പ്രതികളിൽ ചിലർതന്നെ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
അതുകൊണ്ടുതന്നെ കേസിൽ പ്രാേസിക്യൂഷൻ മുഖ്യമായും ആശ്രയിച്ചത് ഡിജിറ്റൽ തെളിവുകളെയാണ്. പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങളും കേസിൽ നിർണായകമായി. ചില സാക്ഷികൾ കൂറുമാറിയിട്ടും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ്റെ കോടതിയിലെ വാദങ്ങൾക്ക് സാധിച്ചു. 2022 മാർച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.
2022 ഏപ്രിൽ 28ന് തുടങ്ങിയ പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരം 2023 മാർച്ച് രണ്ടിന് പൂർത്തിയായി. 2023 ജനുവരി 30 മുതൽ മാർച്ച് 9 വരെ പ്രതിഭാഗം സാക്ഷി വിസ്‌താരം. വിചാരണ തുടങ്ങി ഒരു വർഷത്തിനകം പൂർത്തിയാക്കി വിധിപ്രഖ്യാപനം നടത്താൻ ഈ കേസിൽ സാധിച്ചു. പ്രമാദമായ കേസുകളിൽ പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധിപറയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഒരുവർഷത്തിനകം വിചാരണ പൂർത്തിയാക്കാനായത്.
മറ്റിടങ്ങളിൽ നാം കാണുന്നതുപോലെ ഈ കേരളത്തിൽ ആള്‍ക്കൂട്ടനീതിശാസ്ത്രമനുസരിച്ച് വിധി പ്രഖ്യാപിക്കുവാനും നടപ്പാക്കാനും ഒരാൾക്കൂട്ടത്തെയും അനുവദിക്കില്ല. അങ്ങനെ ആയുധം കയ്യിലെടുക്കുന്നവർക്ക് നിയമത്തിൻ്റെ ഒരാനുകൂല്യവും ലഭിക്കില്ല. ആർക്കും പ്രതികളെ രക്ഷപ്പെടുത്താനും സാധിക്കില്ല. കേരളത്തിലെ ജനങ്ങൾക്ക് നീതിന്യായവ്യവസ്ഥയെ പ്രതീക്ഷയോടെ നോക്കിക്കാണാൻ സാധിക്കുന്ന വിധിയെ സ്വാഗതം ചെയ്യുന്നു. അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന വ്യാജപ്രചരണം നടത്തിയവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധി.
ഏറ്റവും കാര്യക്ഷമതയോടെ കേസ് കൈകാര്യം ചെയ്ത കേരള പോലീസിനെ അഭിനന്ദിക്കുന്നു. കോടതിമുറിയിൽ സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങളെ മൂർച്ചയേറിയ വാദങ്ങളിലൂടെ ഇല്ലാതാക്കിയ പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുന്നു. മധുവിൻ്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടത്തിനൊപ്പം സംസ്ഥാന സർക്കാർ എപ്പോഴുമുണ്ടായിരുന്നു. ഇനിയുമുണ്ടാകുമെന്ന ഉറപ്പ് നൽകുന്നു.












Click it and Unblock the Notifications