മധുവിന് നീതി; 12 പ്രതികള്‍ക്ക് ജീവപര്യന്തം, പിഴത്തുക വര്‍ധിപ്പിച്ചു, മധുവിന്റെ അമ്മയ്ക്ക് 30 ലക്ഷം
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന് നീതി. പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചു. പിഴത്തുകയും കൂട്ടി. മധുവിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നല്‍കും. വിചാരണ കോടതി വിധിക്കെതിരെ മധുവിന്റെ കുടുംബവും പ്രോസിക്യൂഷവനുമാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. വെറുതെവിടണം എന്ന് ആവശ്യപ്പെട്ട് പ്രതികളും അപ്പീല്‍ നല്‍കിയിരുന്നു.
മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി കോടതിയിലായിരുന്നു പ്രഥമ വിചാരണ. 16 പ്രതികളില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയും വിധിച്ചു. ബാക്കി 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടത്. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. ബാക്കി പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

12 പ്രതികളുടെ ശിക്ഷ മൂന്ന് ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. എസ്‌സി/എസ്ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്തതോടെയാണ് ശിക്ഷ വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ടായത്. നിരവധി സാക്ഷികള്‍ കൂറുമാറിയിരുന്നു എങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
പതിനാറാം പ്രതി മുനീറിന് വിചാരണ കോടതി മൂന്ന് മാസം മാത്രം തടവാണ് വിധിച്ചിരുന്നത്. ഇത് ഒരു വര്‍ഷം തടവാക്കി ഹൈക്കോടതി ഉയര്‍ത്തി. തങ്ങള്‍ക്ക് നീതി ലഭിച്ചു എന്ന് മധുവിന്റെ അമ്മയും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും കുടുംബം അറിയിച്ചു. മധുവിന് നീതി വാങ്ങിത്തരുന്നതില്‍ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.
മധുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം നടക്കുന്ന വേളയില്‍ ഒന്നാംപ്രതി ഹുസൈന്റെ ചവിട്ടാണ് മധു മരിക്കാന്‍ കാരണം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഹുസൈനെതിരെ ഹാജരാക്കിയ സാക്ഷികളെ കോടതി വിശ്വാസത്തില്‍ എടുത്തില്ല. സാക്ഷികള്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല എന്ന് പ്രതിഭാഗം തെളിയിച്ചു.
ഹുസൈനെതിരെ ശിക്ഷ വിധിക്കാന്‍ പ്രധാന കാരണം എട്ട്, 19 സാക്ഷികളുടെ മൊഴിയായിരുന്നു. മധുവിന്റെ ബന്ധുവും ഒരു ഓട്ടോക്കാരനുമാണിത്. ഇവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം വാദിച്ചത്. കേസില്‍ 4, 11 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. 2018 ഫെബ്രുവരി 22നായിരുന്നു കേസിന് ആസ്പദമായ സംഭവം.















Click it and Unblock the Notifications